തിരുവനന്തപുരം- പോപ്പുലര്‍ ഫ്രണ്ട് നേതാവും തൊളിക്കോട് മുസ്ലിം ജമാഅത്ത് പള്ളി മുന്‍ ഇമാമുമായ ശഫീഖ് അല്‍ ഖാസിമി ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. നേരത്തെ ഇതു നിഷേധിച്ച പെണ്‍കുട്ടി ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങിലാണ് നടന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. ആളൊഴിഞ്ഞ വനപ്രദേശത്തേക്ക് കൊണ്ടു പോയത് മനപ്പൂര്‍വമാണെന്നും പെണ്‍കുട്ടി പറഞ്ഞു. വൈദ്യപരിശോധനയിലും പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ അന്വേഷണ റിപോര്‍ട്ട് പോലിസിനു കൈമാറി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് രേഖപ്പെടുത്തി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
സംഭവം വിവാദമായതോടെ പ്രതി ഖാസിമി മുങ്ങിയിരിക്കുകയാണ്. പെണ്‍കുട്ടി മൊഴി നല്‍കിയ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഖാസിമി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും പോലിസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് വിതുര പോലിസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ശ്രമം നടത്തുന്നതായും റിപോര്‍ട്ടുണ്ടായിരുന്നു. ഖാസിമിയെ കണ്ടെത്താന്‍ ലുക്കൗട്ട് നൊട്ടീസ് പുറപ്പെടുവിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നെടുമങ്ങാട് ഡി.വൈ.എസ്.പി ഡി അശോകന്‍ പറഞ്ഞു. ഖാസിമി കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണമെന്ന് ഖാസിമിയുടെ അഭിഭാഷകനോട് പോലിസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് മതപ്രഭാഷകനായ പ്രതി ശഫീഖ് ഖാസിമി ദിവസങ്ങള്‍ക്കു മുമ്പാണ് പെണ്‍കുട്ടിയെ വശീകരിച്ച് കാറില്‍ ആളൊഴിഞ്ഞ വനപ്രദേശത്ത് എത്തിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തത്. ദുരൂഹസാചര്യത്തില്‍ കാറില്‍ പെണ്‍കുട്ടിയുമായി ഖാസിമിയെ കണ്ട സമീപത്തെ വനിതാ തൊഴിലാളികള്‍ കയ്യോടെ പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഖാസിമിയെ പള്ളിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പോപുലര്‍ ഫ്രണ്ട് പോഷക സംഘടനയായ ഇമാംസ് കൗണ്‍സിലില്‍ നിന്നും ഖാസിമിയെ പുറത്താക്കിയിരുന്നു. പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോകുകയായിരുന്നു.