റിയാദ് - വിദേശങ്ങളിൽനിന്ന് പൈലറ്റില്ലാ വിമാനം (ഡ്രോണുകൾ) കടത്തുന്നതിനുള്ള ശ്രമങ്ങൾ സൗദി കസ്റ്റംസ് പരാജയപ്പെടുത്തി. അനധികൃത രീതിയിൽ രാജ്യത്ത് പ്രവേശിപ്പിക്കുന്നതിന് ശ്രമിച്ച 483 ഡ്രോണുകൾ കഴിഞ്ഞ വർഷം സൗദി കസ്റ്റംസ് പിടികൂടി. ഈ വർഷം ഇതുവരെ 94 ഡ്രോണുകളും കസ്റ്റംസ് പിടികൂടി. ഡ്രോണുകൾ സൗദിയിൽ പ്രവേശിപ്പിക്കുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽനിന്ന് മുൻകൂട്ടി ക്ലിയറൻസ് നേടൽ നിർബന്ധമാണ്.
പൈലറ്റില്ലാ വിമാനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഫീസുകൾ ബാധകമാണ്. വാണിജ്യാവശ്യങ്ങൾക്കുള്ള ഡ്രോണുകളുടെ രജിസ്‌ട്രേഷൻ ഫീസ് 500 റിയാലാണ്. വിനോദാവശ്യങ്ങൾക്കുള്ള ഡ്രോണുകൾ രജിസ്റ്റർ ചെയ്യുന്നതിന് 250 റിയാലാണ് ഫീസ് നൽകേണ്ടത്. ഡ്രോണുകൾക്ക് ഒറ്റത്തവണയാണ് ഫീസ് നൽകേണ്ടത്. രജിസ്‌ട്രേഷൻ പുതുക്കൽ സൗജന്യമാണ്.
വാണിജ്യാവശ്യങ്ങൾക്കുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനുള്ള ടെസ്റ്റിന് 500 റിയാൽ ഫീസ് നൽകണം. ലൈസൻസിന് 300 റിയാലും ഫീസ് നൽകണം. സൗദിയിൽ പൈലറ്റില്ലാ വിമാനങ്ങൾക്ക് ലൈസൻസും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും നൽകുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു മാത്രമാണ് അധികാരമുള്ളത്. ഓൺലൈൻ സ്റ്റോറുകൾ വഴി വിദേശത്തു നിന്ന് ഡ്രോണുകൾ വാങ്ങുന്നവർ ഡ്രോണുകളുടെ സീരിയൽ നമ്പർ സെയിൽസ്മാനോട് ആവശ്യപ്പെടണം. സീരിയൽ നമ്പർ ഉപയോഗിച്ച് ഡ്രോണുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് സാധിക്കും. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വിദേശത്തു നിന്ന് വാങ്ങുന്ന ഡ്രോണുകൾ സൗദിയിൽ പ്രവേശിപ്പിക്കുന്നതിന് സാധിക്കുകയുള്ളൂവെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.
പൈലറ്റില്ലാ വിമാനങ്ങൾക്ക് ഓൺലൈൻ വഴി ലൈസൻസ് നൽകുന്ന സേവനം ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ആരംഭിച്ചിട്ടുണ്ട്. അതോറിറ്റിയുടെ സമഗ്ര ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ സേവനം. പൈലറ്റില്ലാ വിമാനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതിന്റെയും ലൈസൻസ് നേടേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുതിന് 'എളുപ്പത്തിൽ ലൈസൻസ് നേടൂ.....സുരക്ഷിതമായി പറത്തൂ...' എന്ന പ്രമേയത്തോടെ അതോറിറ്റി കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
പൈലറ്റില്ലാ വിമാനങ്ങളുടെ രജിസ്‌ട്രേഷൻ, ലൈസൻസ് നടപടികൾ തീർത്തും എളുപ്പമാണെന്ന് അതോറിറ്റി പറഞ്ഞു. ഇതിന് അതോറിറ്റി വൈബ്‌സൈറ്റ് വഴി അപേക്ഷ പൂരിപ്പിച്ചു നൽകുകയാണ് വേണ്ടത്. ബന്ധപ്പെട്ട ഏതാനും ഗവൺമെന്റ് വകുപ്പുകളുമായി സഹകരിച്ചാണ് രജിസ്‌ട്രേഷൻ, ലൈസൻസ് നടപടികൾ അതോറിറ്റി പൂർത്തിയാക്കുന്നത്. വാണിജ്യാവശ്യങ്ങൾക്കുള്ള ഡ്രോണുകൾ പ്രത്യേകം നിർണയിച്ച സ്ഥലത്ത് ഉപയോഗിക്കുന്നതിനാണ് ലൈസൻസ് അനുവദിക്കുന്നത്. അമേച്വർ വിഭാഗത്തിൽ പെട്ടവരും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നവരും വിമാനം രജിസ്റ്റർ ചെയ്ത് ലൈസൻസ് നേടിയിരിക്കണം. ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ലൈസൻസുള്ള ഏവിയേഷൻ ക്ലബ്ബുകൾ വഴി മാത്രമാണ് ഇത്തരക്കാർക്ക് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതിയുള്ളത്.