ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാറും തമ്മില്‍ രൂക്ഷമായ പോര് നടക്കുന്നതിനിടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസിലാണ് അംബനിയെ രക്ഷിച്ചെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ എത്തിയത്. സിബലും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുമാണ് അംബാനിക്കുവേണ്ടി വാദിച്ചത്. അനില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുന്നതല്ലെന്നാണ് കോടതിയില്‍ ഇരുവരും വാദിച്ചത്. ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച അനില്‍ അംബാനി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ അനില്‍ അംബാനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നതിന്റെ പിറ്റേദിവസമാണ് അംബാനിക്ക് വേണ്ടി സിബല്‍ കോടതി ഹാജരായിരിക്കുന്നത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിന്റെ മുന്നോടിയായി സഭാമന്ദിരത്തിന് മുന്‍പില്‍ കോണ്‍ഗ്രസ് എം.പിമാര്‍ മോദിയുടെയും അനില്‍ അംബാനിയുടേയും ചിത്രം പതിപ്പിച്ച കടലാസ് വിമാനങ്ങള്‍ പറത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എറിക്‌സണ്‍ ഇന്ത്യ കേസില്‍ റിലയന്‍സ് ജിയോക്കു വേണ്ടിയാണ് താന്‍ ഹാജരായതെന്നും ഇതും റഫാല്‍ കേസും തമ്മില്‍ ബന്ധമില്ലെന്നും സിബല്‍ പറഞ്ഞു. ഇത് കോര്‍പ്പറേറ്റുകള്‍ തമ്മിലുള്ള യുദ്ധമാണ്. അനില്‍ അംബാനി എംഡിയാണ്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഇവര്‍ക്കു വേണ്ടി ഹാജരാകുന്നുണ്ടെന്നും സിബില്‍ കൂട്ടിച്ചേര്‍ത്തു.