Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ പൊരുതാന്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം നില്‍ക്കുമെന്ന് മമത

ന്യുദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം ചേര്‍ന്ന് പൊരുതുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചു. ബുധനാഴ്ച ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ പ്രസംഗിക്കവെ ബംഗാളിലെ രാഷ്ട്രീയ വൈരം മാറ്റിവച്ചാണ് മമതയുടെ പ്രഖ്യാപനം. 'ഞങ്ങള്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം ദേശീയ തലത്തില്‍ ഒന്നിച്ചു പോരാടും. സംസ്ഥാനത്ത് ഞങ്ങള്‍ എതിരാണെങ്കിലും ദേശീയ തലത്തില്‍ അങ്ങനെ അല്ല,' മമത പറഞ്ഞു. ആദ്യമായാണ് മമത ബദ്ധ വൈരികളായ ഇടതിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പറയുന്നത്. 35 വര്‍ഷം നീണ്ട ഇടതു ഭരണം അവസാനിപ്പിച്ച് ബംഗാളില്‍ ഭരണം പിടിച്ച മമതയെ ശത്രുവായാണ് ഇടതു പക്ഷം കാണുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി മമത നല്ല ബന്ധത്തിലല്ല.

ഏകാധിപത്യം നീക്കം ചെയ്യുക, രാജ്യത്തെ രക്ഷിക്കുക എന്ന മു്ദ്രാവാക്യവുമായി ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രതിപക്ഷ റാലിയെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍,  മമത എന്നിവരെ കൂടാതെ ടിഡിപി അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് എ രാജ, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസും റാലിക്ക് പിന്തുണ അറിയിച്ചിരുന്നു. 

Latest News