Sorry, you need to enable JavaScript to visit this website.

ഹാജരുണ്ട് സര്‍! കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തി

ബംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ 'കാണാതായ' അഞ്ചു എംഎല്‍എമാരും തിരിച്ചെത്തി. നാലു കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ജെഡിഎസ് എംഎല്‍എയുമാണ് ചൊവ്വാഴ്ച രാത്രി വൈകി ബംഗളുരുവിലെത്തിയത്. ഇവരെ ബിജെപി വലയില്‍ വീഴ്ത്തിയതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ കൂറൂമാറ്റിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനായരുന്നു ശ്രമമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരില്‍ മൂന്നു പേര്‍ മാധ്യമങ്ങളുമായി സംസാരിക്കാനും തയാറായി. ആശയവിനിമയത്തിലുണ്ടായ അപകാതകളാണ് അഭിപ്രായ ഭിന്നതയ്ക്കു കാരണമായതെന്നും നിസ്സാര പ്രശ്‌നങ്ങള്‍ അതതു പാര്‍ട്ടികള്‍ക്കുള്ളില്‍ ആഭ്യന്തരമായി കൈകാര്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു. രമേഷ് ജര്‍കിഹോളി, ഉമേഷ് ജാദവ്, ബി നാഗേന്ദ്ര, മഹേഷ് കുമതള്ളി എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് തിരിച്ചെത്തിയത്. പാര്‍ട്ടി വിളിച്ചു ചേര്‍ത്ത പല യോഗങ്ങള്‍ക്കും നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനും ഹാജരാകാത്തിനെ തുടര്‍ന്ന് ഈ നാലുപേര്‍ക്കുമെതിരെ നേരത്തെ പാര്‍ട്ടി നടപടി ആവശ്യപ്പെട്ടിരുന്നു.

അനാരോഗ്യ കാരണമാണ് തന്നെ കാണാതിരുന്നതെന്ന് തിരിച്ചെത്തിയ ജെഡിഎസ് എംഎല്‍എ നാരായണ ഗൗഡ പറഞ്ഞു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ബിജെപിക്ക് ഒരിക്കലും എന്നെ വിലക്കെടുക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ 10 ബിജെപി എംഎല്‍എമാരെ കൂടെ കൊണ്ടുവരാന്‍ തനിക്കു കഴിയുമെന്നും ഗൗഡ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ട്. അത് സാധാരണ പോലെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളുമായി അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായി തിരിച്ചെത്തിയ കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് ജാദവ് പറഞ്ഞു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ ഒന്നു പറയില്ലെന്നും അദ്ദേഹം ഉന്നത നേതാവാണെന്നും പ്രശ്‌നങ്ങളെല്ലാം പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചില പാര്‍ട്ടി നേതാക്കളുമായി പ്രശനങ്ങളുണ്ടായിരുന്നതായി മറ്റൊരു എംഎല്‍എ മഹേഷ് കുമതള്ളിയും പറഞ്ഞു.

അതേസമയം വിമതരുടെ തിരിച്ചുവരവില്‍ കര്‍ണാടക കോണ്‍ഗ്രസ് കരുതലോടെയാണ് നിലപാടെടുത്തത്. ഇവരെല്ലാവരും കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ തുടരുന്നവരാണെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് സംസ്ഥാനത്തെ പാര്‍ട്ടി തന്ത്രജ്ഞനും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. എല്ലാവരും തിരിച്ചെത്തിയെന്നാണ് റിപോര്‍ട്ടുകള്‍. ഇനി അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണട്ടെ, അദ്ദേഹം പറഞ്ഞു. 

തിരിച്ചെത്തിയവരുടെ ഭാവി പാര്‍ട്ടി ഹൈക്കമാന്‍ഡാണ് തീരുമാനിക്കുക എന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായ സമീര്‍ അഹ്്മദ് ഖാന്‍ പ്രതികരിച്ചു. ബിജെപി അവരെ വഴിതെറ്റിച്ചു. അത് തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇപ്പോള്‍ അവര്‍ തിരിച്ചെത്തിയിരിക്കുന്നു. ഇനി പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കും. കോണ്‍ഗ്രസ് നിയമസഭാ കക്ഷി പാര്‍ട്ടി യോഗത്തില്‍ ഇവരെ അയോഗ്യരാക്കാന്‍ തീരുമാനിച്ചതാണ്. ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്- ഖാന്‍ പറഞ്ഞു. 

Latest News