ന്യൂദല്‍ഹി- റഫാല്‍ കരാര്‍ സംബന്ധിച്ച കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി)-യുടെ റിപോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചു. 2007-ല്‍ യുപിഎ സര്‍ക്കാരിന്റെ റഫാല്‍ കരാറിനേക്കാള്‍ 2.86 ശതമാനം വിലക്കുറവിലാണ് 2016-ലെ എന്‍ഡിഎ സര്‍ക്കാരിന്റെ റഫാല്‍ കരാറില്‍ യുദ്ധവിമാനങ്ങള്‍ ലഭിക്കുകയെന്ന് സിഎജി റിപോര്‍ട്ടില്‍ പറയുന്നു. വില നിര്‍ണയത്തില്‍ വീഴ്ച ഇല്ലെന്നും യുപിഎ കാലത്തെ 126 വിമാനങ്ങളുടെ കരാറിനേക്കാള്‍ 17.08 ശതമാനം തുക പുതിയ 36 വിമാനങ്ങള്‍ക്കുള്ള കരാറില്‍ ലാഭിക്കാന്‍ കഴിഞ്ഞുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വില വിവരങ്ങള്‍ ഇല്ലാതെ വിലക്കുറവ് എടുത്തു കാണിക്കുന്ന ഈ സിഎജി റിപോര്‍ട്ട് ഏകപക്ഷീയമാണെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഈ റിപോര്‍ട്ട് അസാധാരണമാണ്. വില സംബന്ധച്ച വിശദാംശങ്ങള്‍ പരിശോധിക്കുകയും വില വെളിപ്പെടുത്തുകയും ചെയ്യാത്ത ആദ്യ സിഎജി റിപോര്‍ട്ടായിരിക്കും ഇതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. സിഎജി വില വെളിപ്പെടുത്തുന്നില്ലെങ്കില്‍ പിന്നെ എന്താണ് അവര്‍ ഓഡിറ്റ് ചെയ്തത്. 2.86 ശതമാനം കുറവെന്ന് പറയുന്നു. എന്തിന്റെ കുറവാണിത്? യുപിഎ കാലത്തെ വില എത്ര? എന്‍ഡിഎ ഉറപ്പിച്ച വില എത്ര?- അദ്ദേഹം ചോദിച്ചു.
അതിനിടെ റഫാല്‍ ഇടപാടിലെ അഴിമതിക്കെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിനു പുറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. മുന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പ്രതിഷേധ സംഗമത്തില്‍ അണിനിരന്നു. കടലാസു വിമാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. സിഎജി റിപോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിക്കപ്പെടുന്നതിനു മുമ്പായിരുന്നു ഈ പ്രതിഷേധം.