Sorry, you need to enable JavaScript to visit this website.

മോഡിയുടെ 'റഫാല്‍ ഇടപാട്' യുപിഎ കാലത്തെ കരാറിനേക്കാള്‍ മോശം; പുതിയ തെളിവ് പുറത്ത്‌

ന്യൂദല്‍ഹി- ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ട് മാറ്റം വരുത്തി ഉണ്ടാക്കിയ പുതിയ കരാരിലെ വ്യവസ്ഥകള്‍ മുമ്പത്തേതിലും മോശമാണെന്ന് തെളിയിക്കുന്ന പുതിയ രേഖകള്‍ ദി ഹിന്ദു ദിനപത്രം പുറത്തു കൊണ്ടുവന്നു. കരാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ ഏഴംഗ ഔദ്യോഗിക ചര്‍ച്ചാ സംഘത്തിലെ വിദഗ്ധരായ മൂന്ന് മുതിര്‍ന്ന പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരാണ് മോഡി സര്‍ക്കാരിന്റെ കരാറിലെ വ്യവസ്ഥകള്‍ മോശമാണെന്ന് വിശദമായി തന്നെ വ്യക്തമാക്കിയത്. പൂര്‍ണമായി നിര്‍മ്മാണം പുര്‍ത്തിയാക്കി പറത്താവുന്ന കണ്ടീഷനില്‍ ഇന്ത്യയ്ക്കു 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ലഭിക്കുമെന്ന പുതിയ മോഡി സര്‍ക്കാരിന്റെ കരാറിലെ വ്യവസ്ഥകള്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത്് ദാസോ ഏവിയേഷന്‍ വാഗ്ദാനം ചെയ്ത 126 വിമാനങ്ങള്‍ക്കുള്ള കരാറിലെ വ്യവസ്ഥകളേക്കാള്‍ ഒട്ടും ലാഭകരമല്ല. 

പറത്താവുന്ന കണ്ടീഷനില്‍ ഇന്ത്യയ്ക്കു കൈമാറുമെന്ന് വാഗ്ദാനം ചെയ്ത ആദ്യ 18 യുദ്ധവിമാനങ്ങള്‍ മോഡിയുടെ കരാര്‍ പ്രകാരം വൈകിയെ ലഭിക്കൂ. പുതിയ കരാര്‍ പ്രകാരം ഇത് വേഗത്തില്‍ ലഭിക്കുമെന്നായിരുന്നു ഈ കരാറിന്റെ സവിശേഷതയായി മോഡി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ യുപിഎ കാലത്തെ കരാര്‍ പ്രകാരം ഇതിലും വേഗത്തില്‍ ലഭിക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തിലെ മൂന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നതായി ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. പുതിയ കരാര്‍ പ്രകാരം 36 യുദ്ധവിമാനങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നും യുപിഎ കാലത്തെ കരാറിനെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ യുദ്ധവിമാനം ലഭിക്കുമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന അവകാശവാദങ്ങള്‍ കൂടി  ഇതോടെ പൊളിഞ്ഞു.

ഈ ഉദ്യോഗസ്ഥര്‍ കടുത്ത വിയോജിപ്പ് അറിയിച്ച് 2016 ജൂണ്‍ ഒന്നിനാണ് ഇക്കാര്യം വ്യക്തമാക്കി ഏട്ടു പേജ് വരുന്ന വിശദമായ കുറിപ്പ് എഴുതിയത്. പുതിയ കരാറിലെ വ്യവസ്ഥകളിലുള്ള ആശങ്കയും ഈ കുറിപ്പില്‍ ഇവര്‍ വിശദീകരിക്കുന്നുണ്ട്. 2016 സെപ്തംബര്‍ 23-ന് കരാര്‍ ഒപ്പിടുന്നതിനു മൂന്ന് മാസം മുമ്പാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. 


 

Latest News