ന്യൂദല്‍ഹി- ഏപ്രിലില്‍ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ നഷ്ടം മൂന്നില്‍ രണ്ടായി കുറയുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി കാപയുടെ പ്രവചനം. ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചു തുടങ്ങിയതാണ് ഇതിനു കാരണം. വിപണിയില്‍ മത്സരം കുറഞ്ഞതാണ് ഒടുവില്‍ നിരക്കുകള്‍ വര്‍ധിക്കാന്‍ സാഹചര്യമൊരുക്കിയത്.
2020 ല്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ നഷ്ടം 55 കോടി ഡോളര്‍ മുതല്‍ 70 കോടി ഡോളര്‍വരെയായിരിക്കുമെന്നാണ് കരുതുന്നത്. എണ്ണ വില വര്‍ധിച്ച സെപ്റ്റംബറില്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ നഷ്ടം 109 കോടിയാകുമെന്നാണ് കണക്കാക്കിയിരുന്നതെങ്കില്‍ അത് ഇപ്പോള്‍ 107 കോടി ഡോളറായി കുറഞ്ഞിട്ടുണ്ട്.
ലാഭകരമാകുന്ന ഭാവയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കാപ ഇന്ത്യ സി.ഇ.ഒ കപില്‍ കൗള്‍ പറഞ്ഞു. നഷ്ടം കുറയന്ന സ്ഥിതി വ്യാമയാന രംഗത്ത് കൂടുതല്‍ നിക്ഷേപ താല്‍പര്യം പ്രകടമാക്കുമെന്നും വര്‍ഷിക സമ്മേളനത്തില്‍ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. നഷ്ടം കുറയുന്നത് നൂറു കണക്കിന് എയര്‍ ബസുകള്‍ക്കും ബോയിങുകള്‍ക്കും ഓര്‍ഡര്‍ ചെയ്ത കമ്പനികളെ അതുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കും.
2020 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര യാത്രക്കാര്‍ 14 മുതല്‍ 16 വരെ വര്‍ധിക്കുമെന്നും കണക്കാക്കുന്നു. 90 വിമാനങ്ങള്‍ കൂടി ഇറങ്ങുന്നതോടെ അന്തരാഷ്ട്ര സര്‍വീസുകളിലും 10 മുതല്‍ 12 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കുന്നു.
അന്താരാഷ്ട്ര സര്‍വീസുകള്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ അജയ് സിംഗ് പറഞ്ഞു. നിരക്കുകള്‍ വര്‍ധിച്ചതോടെ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവ ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ ലാഭത്തിലായിരുന്നു. പോയ വര്‍ഷത്തില്‍ നേരത്തെ ഇരു കമ്പനികളും നഷ്ടത്തിലായിരുന്നു. വിപണിയില്‍ അച്ചടക്കം തിരികെ വന്നതോടെ ഗണ്യമായ മാറ്റമുണ്ടെന്ന് വിസ്താര സ്ട്രാറ്റജി ആന്റ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു. എണ്ണ വില ബാരലിന് 65 ഡോളറില്‍ താഴെ നില്‍ക്കുകയാണെങ്കില്‍ വ്യോമയാന മേഖലക്ക് ശുഭപ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.