ന്യൂദല്‍ഹി-മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുതിയ വേജ്‌ബോര്‍ഡിന് ഉടന്‍ രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എളമരം കരീം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ പ്രവര്‍ത്തകരെ കൂടി വേജ്‌ബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എളമരം കരീം നിവേദനം കൈമാറി. പുതിയ വേജ്‌ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ പകര്‍പ്പും പ്രധാനമന്ത്രിക്ക് കൈമാറി.
മാധ്യമ പ്രവര്‍ത്തകര്‍ക്കായി അവസാന വേജ്‌ബോര്‍ഡ് രൂപീകരിക്കപ്പെട്ടത് 16 വര്‍ഷം മുമ്പാണ്. ഓരോ അഞ്ച് വര്‍ഷവും കൂടുമ്പോള്‍ വേജ്‌ബോര്‍ഡ് രൂപീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ല. ഇതുമൂലം പത്രപ്രവര്‍ത്തകര്‍ക്ക് കാലാനുസൃമായി ലഭിക്കേണ്ട വേതന വര്‍ധനവും മറ്റും നഷ്ടപ്പെടുകയാണ്.
ദൃശ്യമാധ്യമങ്ങള്‍ ഇന്ന് പ്രധാനപ്പെട്ട മാധ്യമവിഭാഗമായി മാറിക്കഴിഞ്ഞു. ഇവര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. യാതൊരു നിയമസംരക്ഷണവുമില്ലാതെയാണ് ഇവര്‍ തൊഴിലെടുക്കുന്നത്. പുതിയ വേജ്‌ബോര്‍ഡിന് എത്രയും വേഗം രൂപംനല്‍കണം. കരാര്‍ ജീവനക്കാരെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്നും എളമരം കരീം പറഞ്ഞു.