Sorry, you need to enable JavaScript to visit this website.

വോട്ട് കഴിയും വരെ ശ്രീരാമന് വിശ്രമം

ന്യൂദൽഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ രാമക്ഷേത്ര നിർമാണത്തിനായുള്ള പ്രക്ഷോഭം തണുപ്പിക്കാൻ വിശ്വഹിന്ദു പരിഷത്തും ആർ.എസ്.എസും തീരുമാനിച്ചു. വരും മാസങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നത് പ്രധാമന്ത്രി നരേന്ദ്ര മോഡി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന് വിഘാതമാവുമെന്നാണ് സംഘ്പരിവാറിന്റെ നിലപാട്. കേസ് കോടതിയിൽ ഇഴയുന്നത് സംഘ്പരിവാറിന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കോടതി ഉത്തരവ് വരുന്നതു വരെ രാമക്ഷേത്ര നിർമാണത്തിനായി നിയമ നിർമാണം ആലോചിക്കില്ലെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ശ്രീരാമ വിഗ്രഹം സ്ഥാപിച്ച ചെറിയ തർക്ക പ്രദേശമൊഴികെയുള്ള ഭൂമി കൈമാറണമെന്ന് സുപ്രീം കോടതിയോടാവശ്യപ്പെട്ട് ഇക്കാര്യത്തിൽ തങ്ങൾക്ക് ആത്മാർഥതയുണ്ടെന്ന് കാണിക്കാൻ കേന്ദ്ര സർക്കാരും ശ്രമിച്ചിട്ടുണ്ട്. 
ബി.ജെ.പിയും ആർ.എസ്.എസും വി.എച്ച്.പിയും ഒരുമിച്ചിരുന്നാണ് രാമക്ഷേത്ര പ്രക്ഷോഭം തൽക്കാലം തണുപ്പിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം ഏത് സർക്കാർ അധികാരത്തിൽ വന്നാലും പ്രക്ഷോഭം ശക്തമാക്കുമെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത് വ്യക്തമാക്കി. അധികാരത്തിലേറി നാലര വർഷം പിന്നിട്ടിട്ടും രാമക്ഷേത്ര നിർമാണത്തിൽ ഒരിഞ്ച് മുന്നോട്ടു പോവാൻ സാധിക്കാത്തത് തീവ്ര ഹിന്ദുത്വ വിഭാഗത്തിന്റെ അതൃപ്തി ക്ഷണിച്ചു വരുത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വിഷയം സജീവമാക്കുന്നത് പാർട്ടിക്കാണ് ക്ഷീണം ചെയ്യുകയെന്ന് ബി.ജെ.പി നേതൃത്വത്തിന് ബോധ്യമുണ്ട്. കുംഭമേളക്കിടെ സന്യാസിമാർ ഇക്കാര്യത്തിൽ സർസംഘചാലകിനെതിരെ രോഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ രാമക്ഷേത്ര പ്രക്ഷോഭം ശക്തമക്കുന്നത് വിഷയത്തെ തെരഞ്ഞെടുപ്പ് വാക്കു തർക്കമായി ലഘൂകരിക്കാനേ ഇടയാക്കൂ എന്ന് ആർ.എസ്.എസ് മേധാവി പറഞ്ഞു. രാമക്ഷേത്ര നിർമാണവും ഗോരക്ഷയും ഹിന്ദു സംസ്‌കാരത്തിന്റെ കീർത്തി തിരിച്ചു കൊണ്ടുവരാൻ അത്യന്താപേക്ഷിതമാണെന്നും എന്നാൽ അതിന് തിയ്യതി നിശ്ചയിക്കാനാവില്ലെന്നും ആർ.എസ്.എസ് വക്താവ് അഭിപ്രായപ്പെട്ടു. കപട മതേതര വാദികൾക്ക് തെരഞ്ഞെടുപ്പിൽ തട്ടിക്കളിക്കാനുള്ള വിഷയമായി രാമക്ഷത്ര നിർമാണ വിഷയം അധഃപതിക്കാൻ ഇടയാക്കില്ലെന്ന് ധർമ സംസദ് പ്രമേയത്തിൽ വ്യക്തമാക്കി. 
രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസെങ്കിലും പുറപ്പെടുവിക്കണമെന്ന ശക്തമായ നിലപാടിലായിരുന്നു ഇതുവരെ സംഘ്പരിവാർ സംഘടനകൾ. നിയമനിർമാണം തന്നെ വേണമെന്നാണ് ആർ.എസ്.എസ് ശാഠ്യം പിടിച്ചത്. എന്നാൽ പിന്നീട് അവർ പിന്നോട്ടു പോയി. ഭൂമി വിട്ടുതരണമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ സന്യാസി സമൂഹത്തിന് സന്തുഷ്ടിയുണ്ടെന്ന് ആർ.എസ്.എസ് മീഡിയ മേധാവി അരുൺകുമാർ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാമക്ഷേത്ര വിഷയമുന്നയിക്കുന്നത് ചട്ടലംഘനമാവുമെന്നാണ് വി.എച്ച്.പി വക്താവ് വിനോദ് ബൻസാലിന്റെ വിശദീകരണം. സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നാണ് സന്യാസി സമൂഹത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 
പ്രക്ഷോഭം തണുപ്പിക്കുമെങ്കിലും ബോധവൽക്കരണം തുടരും. ഏപ്രിൽ ആറിന് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ശ്രീറാം ജയറാം മന്ത്രമുരുവിടും. 

 

Latest News