മധുരൈ- വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തനായി കേന്ദ്ര സര്‍ക്കാര്‍ എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരു നാവിക അപകട അന്വേഷണ സെല്‍ രൂപീകരിക്കാന്‍ കാര്യക്ഷമമായ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. സെപ്തംബറില്‍ ഉണ്ടായ കപ്പലപകടത്തില്‍പ്പെട്ട് കാണാതായ നാലു തമിഴ്‌നാട് സ്വദേശികള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഫെബ്രുവരി 14-നു അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയത്.
ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങുന്നതും ചൂഷണത്തിനും ചതിക്കും ഇരയാക്കപ്പെടുന്നതും ജയിലിലടക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതടക്കമുള്ള സംഭവങ്ങള്‍ ബെഞ്ച് പരിഗണിക്കുകയും വിദേശത്ത് എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന കണക്കും അവരില്‍ എത്ര പേര്‍ക്ക് ഇന്ത്യന്‍ എംബസികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടിനിടെ വിദേശങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ മരിച്ചുവെന്ന കണക്കും അവരില്‍ എത്ര പേരും മൃതദേഹം ഇന്ത്യയില്‍ തിരിച്ചെത്തിച്ചുവെന്ന കണക്കും നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം സെക്രട്ടറിമാരോട് കോടതി ആവശ്യപ്പെട്ടു.
കപ്പലപകടത്തില്‍പ്പെട്ടു കഴിഞ്ഞ സെപ്തംബര്‍ 10 മുതല്‍ കാണാതായ തമിനാട് സ്വദേശികളായ നാലു എഞ്ചിനീയര്‍മാരെ കണ്ടെത്താനുള്ള നടപടികള്‍ തേടി കന്യൂകുമാരി സ്വദേശി ആര്‍ സഹായരാജ് വിനോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയത്.
ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെന്നും നാലമന്റെ മൃതദേഹം കണ്ടെത്തിയതായും റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ എവിടെയാണെന്നതു സംബന്ധിച്ച് ഇതുവരെ ഒരു വിവരവുമില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.