ലണ്ടന്‍- ബുര്‍ഖ അണിഞ്ഞെത്തി ലെസ്റ്ററിലെ ഒരു ആഭരണക്കടയില്‍ കവര്‍ച്ച നടത്തിയ ഇന്ത്യന്‍ വംശജന്‍ ഇംതിയാസ് പട്ടേലിനെ കോടതി നാലു വര്‍ഷം തടവിനു ശിക്ഷിച്ചു. കത്തി ചൂണ്ടി കവര്‍ച്ച നടത്തിയതിനും മാരകായുധം കൈവശം വച്ചകുറ്റത്തിനുമാണ് പ്രതി 42-കാരന്‍ ഇംതിയാസിനെ ശിക്ഷിച്ചത്. കവര്‍ച്ചയ്ക്ക് നാലു വര്‍ഷം തടവും ആയുധം കൈവശം വച്ചതിന് ഒമ്പതു മാസവുമാണ് ശിക്ഷ. രണ്ടും ഒന്നിച്ച് അനുഭവിച്ചാല്‍ മതി. അതേസമയം സാമൂഹിക ക്രമം ലംഘിച്ചതിന് രണ്ടു മാസത്തെ അധിക തടവു ശിക്ഷയും പ്രതി അധികമായി അനുഭവിക്കണമെന്ന് ലെസ്റ്റര്‍ ക്രൗണ്‍ കോടതി കോടതി വ്യക്തമാക്കി.
ജനുവരി അഞ്ചിനാണ് പ്രതി ഇംതിയാസ് പട്ടേല്‍ ലസ്റ്ററിലെ ഹേമാര്‍ക്കറ്റ് പ്രദേശത്തെ ഒരു ആഭരണ സ്‌റ്റോറില്‍ കവര്‍ച്ച നടത്തിയത്. സംഭവത്തിനു ശേഷം ഉടന്‍ പിടിയിലാകുകയും ചെയ്തു. ബുര്‍ഖ ധരിച്ച് മുഖംമറച്ച് സ്‌കാര്‍ഫും ചുറ്റി സ്ത്രീ വേഷത്തില്‍ കടയിലെത്തിയ ഇംതിയാസ് ഒരു ഉപഭോക്താവ് എന്ന പോലെ 7,000 പൗണ്ടി വിലയുള്ള ഒരു റോളക്‌സ് വാച്ചാണ് ആദ്യം എടുത്ത് പരിശോധിച്ചത്. ഇതിനിടെ മറ്റൊരു വാച്ചു കൂടി ചോദിച്ചപ്പോള്‍ ജീവനക്കാരന് ഇംതിയാസിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും ആദ്യമെടുത്ത വാച്ച് തിരികെ ചോദിക്കുകയും ചെയ്തു. ഇതോടെ കത്തി പുറത്തെടുത്ത് ജീവനക്കാരനെ ഭീഷണിപ്പെടുത്തി കടയില്‍ നിന്നും ഓടി മറയുകയായിരുന്നു. പ്രദേശത്ത് പട്രോള്‍ നടത്തുകയായിരുന്ന പോലിസ് ഓഫീസര്‍ ഓടുന്ന ബുര്‍ഖ ധാരിയെ കണ്ട് പിന്തുടരുകയും കയ്യിലെ വാച്ച് കണ്ട പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഓടുന്നതിനിടെ വഴിയിലുപേക്ഷിച്ച കത്തി പിന്നീട് പോലീസ് കണ്ടെടുത്തു.