പനാജി- മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന റഫാല്‍ രേഖകള്‍ കൈക്കലാക്കാനാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ശനിയാഴ്ച ഗോവയിലെത്തിയതെന്ന് ഗോവ കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭു.
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ചോര്‍ത്തിയ രേഖകള്‍ പരീക്കറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നവയാകാമെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രധാന രേഖകള്‍ പരീക്കറുടെ വസതിയില്‍നിന്ന് അമിത് ഷാ കൈക്കലാക്കിയിട്ടുണ്ടെങ്കില്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ കഴിയും. ബി.ജെ.പി നേതൃത്വത്തെ തുടര്‍ന്നും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പരീക്കര്‍ക്ക് കഴിയാതെവരുമെന്നും ദേശ്പ്രഭു പറഞ്ഞു. ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും മാധ്യമ പ്രവര്‍ത്തകനും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ത്തന്നെ മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.