Sorry, you need to enable JavaScript to visit this website.

സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം: നിക്ഷേപ പ്രതീക്ഷയില്‍ ഇന്ത്യയും പാക്കിസ്ഥാനും

ന്യുദല്‍ഹി- ഇന്ത്യാ, പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സുപ്രധാന മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങളുടെ പ്രഖ്യാപനം നടത്തിയേക്കും. ഊര്‍ജം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയും പാക്കിസ്ഥാനും. ഈ വാരാന്ത്യത്തിലാണ് കിരീടാവകാശി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. ഈ മാസം 19-ന് ഇന്ത്യയിലുമെത്തും. സൗദിയിലെ മുന്‍നിര വ്യവസായികളും കിരീടാവകാശിയെ അനുഗമിച്ച് ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2015-ല്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിപുലമായ നിക്ഷേപ ഫണ്ടായ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്കുള്ള സൗദി അറേബ്യയുടെ ആദ്യ നിക്ഷേപവും കിരീടാവകാശി ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റോഡുകള്‍, തുറമുഖങ്ങള്‍ തുടങ്ങി അടസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള നിക്ഷേപ പദ്ധതിയാണിത്. ഇതു കൂടാതെ ഇന്ത്യയില്‍ കാര്‍ഷിക രംഗത്തും വലിയ നിക്ഷേപങ്ങളിറക്കാനും ഇവിടെ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും സൗദി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ വിതരണം ചെയ്യുന്ന രാജ്യമെന്നതിനു പുറമെ മറ്റു മേഖലകളിലും ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. തന്ത്രപരമായ പങ്കാളിത്തം ദൃഢമാക്കാന്‍ ഇരു സര്‍ക്കാരുകളും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജി20 ഉച്ചകോടിക്കിടെ അര്‍ജന്റീനയില്‍ വച്ച് നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കൂടിക്കാഴ്ച നടത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാക്കിസ്ഥാനും സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒക്ടോബറില്‍ സഹായമായി സൗദി ആറു ബില്യണ്‍ ഡോളറിന്റെ വായ്പ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ ഗ്വാദര്‍ തീരദേശ നഗരത്തില്‍ 10 ബില്യന്‍ ഡോളര്‍ ചെലവില്‍ എണ്ണശുദ്ധീകരണ, പെട്രോകെമിക്കല്‍ സമുച്ചയം നിര്‍മ്മാനുള്ള പദ്ധതിയും സൗദി പ്രഖ്യാപിച്ചിരുന്നു. കൂടാതെ പാക്കിസാനിലെ ഖനന മേഖലയില്‍ നിക്ഷേപത്തിനും സൗദി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന്റെ നിക്ഷേപകാര്യ മന്ത്രിയും ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് മേധാവുമായ ഹാറൂന്‍ ഷരീഫ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. റിയാദില്‍ ഈയിടെ നടന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ മറ്റു ലോക നേതാക്കള്‍ക്കൊപ്പം  പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുത്തിരുന്നു.
 

Latest News