ജിദ്ദ- സൗദി അറേബ്യയുടെ ഭൂത-വര്‍ത്തമാന കാലങ്ങളെ ബന്ധിപ്പിക്കുന്ന അതീവസുന്ദരമായ ഒരു പര്‍വത റിസോര്‍ട്ട്. മദീന പ്രവിശ്യയിലെ അല്‍ ഉലയിലൊരുങ്ങുന്ന ശര്‍ആന്‍ റിസോര്‍ട്ടിനെക്കുറിച്ച് അതിന്റെ ശില്പിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. അല്‍ ഉലാ ഹെറിറ്റേജ് പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരത്തെ അപൂര്‍വവും അതിശയകരവുമായ ഒരു അവസരമായാണ് അദ്ദേഹം കാണുന്നത്.
മറ്റാരുമല്ല ഈ ശില്പി. വിശ്രുതനായ ഫ്രഞ്ച് ശില്പി ഴാങ് നുവെല്‍, അബുദാബിയില്‍ പ്രസിദ്ധമായ ലൂവ്റ് അബുദാബി മ്യൂസിയത്തിന്റെ ശില്പി.
ഴാങ് നുവെലിന്റെ കരവിരുതിലൊരുങ്ങിയ കെട്ടിടങ്ങളും മ്യൂസിയങ്ങളും ചില്ലറയല്ല. ആ കരസ്പര്‍ശം അല്‍ ഉലായെയും ആഗോള വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുമെന്നതില്‍ സംശയമില്ല.
രണ്ടു ദിവസം മുമ്പ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് ശര്‍ആന്‍ റിസോര്‍ട്ടിന്റേയും വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റേയും പ്രഖ്യാപനം നിര്‍വഹിച്ചത്.
സൗദി സാംസ്കാരിക പാരമ്പര്യത്തിന്റെ നിസ്തുല മാതൃകയാണ് വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അല്‍ ഉല. സവിശേഷമായ പ്രകൃതി ഭംഗിയും കൊത്തിയെടുത്തതുപോലുള്ള ശിലകളും പുരാവസ്തു രത്നം എന്ന് വിശേഷിപ്പിക്കാവുന്ന ചരിത്രപാരമ്പര്യവും അല്‍ ഉലായെ ശ്രദ്ധേയമാക്കുന്നു.
ശിലകള്‍ നിറഞ്ഞ ഈ പ്രദേശത്ത് താപനില എപ്പോഴും 20 ഡിഗ്രിയില്‍ നില്ക്കുന്നതിനാല് സന്ദര്‍ശകരെ വന്‍തോതില്‍ ഇത് ആകര്‍ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ശിലകള്‍ക്ക് മേല്‍ കയറി പ്രകൃതിയുടെ മനോഹര ചിത്രം മിഴികളിലേറ്റുവാങ്ങാനും ഇത് സഹായിക്കും- നുവേല്‍ പറഞ്ഞു. അത്ഭുതകരമായ കാഴ്ചയാവും അല്‍ ഉലാ സന്ദര്‍ശകര്‍ക്ക് നല്‍കുകയെന്നാണ് ശില്പി നല്കുന്ന ഉറപ്പ്.