ഗാന്ധിനഗര്‍- മൂന്ന് പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കു ശേഷം ഗുജറാത്തില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വടക്കു കിഴക്കന്‍ ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ വനമേഖലയിലാണ് കടുവാ സാന്നിധ്യം വീണ്ടും കണ്ടെത്തിയത്. മധ്യപ്രദേശ് അതിര്‍ത്തിയുടേയും സമീപത്താണ് ഈ വനം. മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി പ്രദേശ വാസികള്‍ ഈയിടെ അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന വനം വകുപ്പ് അധികൃതര്‍ വ്യാപക തിരച്ചിലും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറകളില്‍ ഒന്നിലാണ് 30 വര്‍ഷത്തിനു ശേഷം വിരുന്നെത്തിയ അതിഥിയെ നേരിട്ടു കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് കടുവ കാമറയില്‍ പതിഞ്ഞതെന്ന് വനംവകുപ്പു മന്ത്രി ഗണപത് വാസവ പറഞ്ഞു. എട്ടു വയസ്സോളം പ്രായം തോന്നിക്കുന്ന ഈ കടുവ അയല്‍സംസ്ഥാനങ്ങളായ രാജ്സ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വനത്തില്‍ നിന്ന് കുടിയേറിയാതാകാമെന്നും മന്ത്രി പറഞ്ഞു. 1989-ലാണ് ഏറ്റവും അവസാനമായി ഗുജറാത്തില്‍ കടുവാ സാന്നിധ്യത്തിന്റെ അടയാളങ്ങള്‍ കണ്ടിരുന്നത്. 1989-ലെ വാര്‍ഷിക സര്‍വെയ്ക്കു ശേഷം പിന്നീട് ഗുജറാത്തില്‍ കടുവകളെ കണ്ടിരുന്നില്ല.