ന്യൂദല്‍ഹി- തലസ്ഥാനത്ത് കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരു മലയാളിയടക്കം 17 പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍.
കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ആലുവ ചേരാനെല്ലൂര്‍, ചോറ്റാനിക്കര സ്വദേശികളായ പതിമൂന്നംഗ മലയാളി കുടുംബം ഈ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഗാസിയാബാദിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തിയത്. ഈ സംഘത്തില്‍പ്പെട്ടയാളാണ് മരിച്ച ജയശ്രീയും കാണാതായ രണ്ടും പേരും. സംഘത്തിലെ മറ്റു 10 പേര്‍ സുരക്ഷിതരാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു കുഞ്ഞും ഉള്‍പ്പെടും.
തീപ്പിടിത്ത സമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു.
ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്.