ന്യൂദല്‍ഹി- പിതാവിന്റെ മെര്‍സിഡസ് കാറോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ കൗമാരക്കാരനെ മുതിര്‍ന്ന കുറ്റവാളിയെ പോലെ തന്നെ വിചാരണ ചെയ്യാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷം മുമ്പാണ് പ്രതി ദല്‍ഹിയില്‍ 32 കാരനായ സിദ്ദാര്‍ഥ ശര്‍മയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയത്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പാണ് അപകടമെന്നും അതുകൊണ്ട് ജുവനൈല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്നുമാണ് ഇപ്പോള്‍ 21 വയസ്സായ പ്രതിയ കോടതിയില്‍ ആവശ്യപ്പെട്ടത്.
ക്രൂരമായ സംഭവങ്ങളില്‍ കുട്ടിക്കുറ്റവാളികളെ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്യണമെന്ന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വരുത്തിയ ഭേദഗതിക്കുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിത്. കുറഞ്ഞത് ഏഴു വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ക്രൂരമായി കണക്കാക്കുന്നത്. കാറിടിച്ച് രക്ഷപ്പെട്ട സംഭവത്തെ 2016 ല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ക്രൂരകുറ്റകൃത്യമായി കണക്കാക്കിയിരുന്നു.
മനപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനാണ് ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വടക്കന്‍ ദല്‍ഹിയിലെ സിവില്‍ ലൈനില്‍ നടന്ന സംഭവത്തില്‍ പ്രതിയുടെ പിതാവിനും കുടുംബ ഡ്രൈവര്‍ക്കുമെതിരെയും കേസെടുത്തിരുന്നു.