ലഖ്‌നൗ- ഉത്തർപ്രദേശിൽ തരംഗമായി മാറിയ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ മാറ്റിമറിക്കുമെന്ന് സൂചന. സംസ്ഥാനത്തെ സഖ്യത്തിൽനിന്ന് എസ്.പിയും ബി.എസ്.പിയും പുറത്തുനിർത്തിയ കോൺഗ്രസിനെ അവർ വീണ്ടും പരിഗണിക്കാൻ ആലോചിക്കുന്നതായി സൂചനയുണ്ട്. ഉത്തർപ്രദേശ് ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രിയങ്കയോടൊപ്പം റാലിയിൽ പങ്കെടുത്ത രാഹുൽ ഗാന്ധി പറഞ്ഞു.
ആയിരങ്ങളാണ് ലഖ്‌നൗവിൽ രാഹുൽ ഗാന്ധിക്കൊപ്പം റോഡ്‌ഷോ നടത്താനെത്തിയ പ്രിയങ്കയെ വരവേറ്റത്. കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ദൃശ്യമായിരുന്നു.
സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നതു വരെ വിശ്രമമില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ദരിദ്രർക്കും കർഷകർക്കും മുൻതൂക്കം നൽകുന്ന സർക്കാരായിരിക്കും അത്. യു.പിയിലെ അനീതികൾക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
യു.പി കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ, പടിഞ്ഞാറൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ് ഷോയുടെ ഭാഗമായി. എയർപോർട്ടിൽനിന്ന് യു.പി.സി.സി ആസ്ഥാനത്തേക്കായിരുന്നു യാത്ര. 28 കേന്ദ്രങ്ങളിൽ സ്വീകരണം. വൻജനക്കൂട്ടമാണ് പൂക്കളും ത്രിവർണ പതാകയുമായി പ്രിയങ്കയെ സ്വീകരിക്കാനെത്തിയത്.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയുടെ വ്യക്തിപ്രഭാവം സംഘടനാതലത്തിൽ പാർട്ടി ദുർബലമായ സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരും ഉൾപ്പെടുന്നു.
റാലിയുടെ പശ്ചാത്തലത്തിൽ സമാജ്‌വാദി പാർട്ടി ഉൾപ്പടെയുള്ള പാർട്ടികൾ കോൺഗ്രസിനോടുള്ള നിലപാട് പുനഃപരിശോധിക്കാൻ ഒരുങ്ങുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.എസ്.പിക്കും സമാനമായ മനംമാറ്റം ഉണ്ടായതായാണ് വിവരം.
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ പ്രിയങ്കയുടെ വരവ് കോൺഗ്രസിന് നേട്ടമുണ്ടാക്കി കൊടുക്കുമെന്ന വിലയിരുത്തലിലാണ് ഇരു പാർട്ടികളും.
2009 ൽ സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിച്ച കോൺഗ്രസ് 21 സീറ്റുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസിനെക്കാൾ രണ്ട് സീറ്റ് കൂടുതൽ നേടാനേ സമാജ്‌വാദി പാർട്ടിക്ക് കഴിഞ്ഞിരുന്നുള്ളു. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി ഇതര വോട്ടുകൾ വിഭജിക്കപ്പെടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് എസ്.പി-ബി.എസ്.പി സഖ്യത്തിലേക്ക് കോൺഗ്രസിനെക്കൂടി ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നത്. കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് താൽപര്യമുണ്ട്. മായാവതികൂടി സമ്മതം മൂളിയാൽ യു.പിയിൽ വിശാല സഖ്യം നിലവിൽവരും.