ലോസ് ഏഞ്ചല്‌സ് - സംഗീതത്തിലെ പരമോന്നത ബഹുമതിയായ 61 ാമത് ഗ്രാമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എൺപത്തിനാല് വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിൾ സെൻററിൽ വച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്.
നചൈൽഡിഷ് ഗാംബിനോയുടെ 'ദിസ് ഈസ് അമേരിക്ക'യാണ് സോംഗ് ഓഫ് ദ ഇയറായി തെരഞ്ഞെടുത്തത്. ഇതിനു പുറമേ റെക്കോർഡ് ഓഫ് ദ ഇയർ, റാപ് സോംഗ് പെർഫോമൻസ് എന്നീ വിഭാഗങ്ങളിലും ദിസ് ഈസ് അമേരിക്ക അവാർഡുകൾ നേടി.
മികച്ച സോളോ പെർഫോമൻസ്, മികച്ച സംഗീതം, മികച്ച ഗാനം, മികച്ച ആൽബം എന്നീ വിഭാഗങ്ങളിലായി കെയ്‌സി മസ്‌ഗ്രേവ്‌സ് നാല് അവാർഡുകൾ നേടി.'ഗോൾഡൻ അവർ' എന്ന ആൽബത്തിനാണ് കെയ്‌സിക്ക് അവാർഡ് ലഭിച്ചത്. മികച്ച റാപ്പ് ആൽബത്തിനു പിന്നിലെ ആദ്യ വനിതയായി കാർഡി ബിയും സ്വന്തമാക്കി.
സോളോ പെർഫോമൻസിനുള്ള ഗ്രാമി ലേഡി ഗാഗക്കാണ്. എ സ്റ്റാർ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തിലും ലേഡി ഗാഗക്ക് പുരസ്‌കാരം നേടിക്കൊടുത്തു. ഈ ഗാനത്തിന് ബ്രാഡ്‌ലി കൂപ്പറിനും പുരസ്‌കാരമുണ്ട്. മികച്ച പുതിയ ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം ദുവാ ലിപ നേടി. മികച്ച ആർ ആൻറ് ബി ഗാനത്തിനുള്ള പുരസ്‌കാരം 'ബൂഡ് അപ്പ്' എന്ന ഗാനത്തിന് എല്ലാ മെയ് സ്വന്തമാക്കി.
2017ൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗായകൻ ക്രിസ് കോർണലും അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു. 'വെൻ ബാഡ് ഡസ് ഗുഡ്' എന്ന ഗാനത്തിനാണ് അദ്ദേഹം പുരസ്‌കാരത്തിന് അർഹനായത്.
അമേരിക്കൻ ഗായകരായ ഫാൽഗുനി ഷാ, പ്രശാന്ത് മിസ്ത്രി, സ്‌നാതം കൗർ എന്നീ മൂന്നു സംഗീതജ്ഞർ ഇന്ത്യൻ സംഗീതവുമായി ബന്ധമുള്ളവരുടെ അവസാന ഘട്ട തെരഞ്ഞെടുപ്പിൽ ഇടം പിടിച്ചിരുന്നു.
സംഗീത വിസ്മയം എ.ആർ റഹ്മാനും ചടങ്ങിൽ സംബന്ധിച്ചു. സ്‌റ്റേപ്പിൾസ് സെന്ററിൽ നടന്ന പുരസ്‌കാര ചടങ്ങിൽ മകൾ റഹീമ റഹ്മാനൊപ്പമാണ് അദ്ദേഹം എത്തിയത്. റഹ്മാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ തരംഗമാവുകയും ചെയ്തു. അവാർഡിന് മുമ്പുള്ള ചിത്രങ്ങളും അവാർഡ് ചടങ്ങിനിടെയുള്ള ചിത്രവുമാണ് പുറത്തുവിട്ടത്. ചടങ്ങിലെ ചില ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇന്ത്യയിൽനിന്ന് പൊതുവേ സംഗീതജ്ഞർക്ക് ഗ്രാമിയിലേക്ക് ക്ഷണമുണ്ടാകാറില്ല. എന്നാൽ എ.ആർ റഹ്മാൻ സ്ലം ഡോഗ് മില്യണറിലൂടെ നേടിയ ഓസ്‌കർ അവാർഡിലൂടെ ലോക സംഗീതജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.