കണ്ണൂര്‍- എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന പട്ടുവം അരിയില്‍ ഷുക്കൂറിനെ (24) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കൊല നടക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റമാണ് നേരത്ത പോലീസ് ചുമത്തിയിരുന്നത്. 2012 ഫെബ്രുവരി 20നു കണ്ണപുരം കീഴറയിലെ വള്ളുവന് കടവ് വയലിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പട്ടുവത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ സി.പി.എം പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനെത്തിയ ജില്ലാ സെക്രട്ടറി പി ജയരാജന്, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം. പ്രദേശത്ത് വ്യാപക സംഘര്‍ഷം അരങ്ങേറുന്നതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണപുരം കീഴറയിലെത്തിയ ഷുക്കൂറിനെ രണ്ടര മണിക്കൂറോളം പ്രദേശത്തെ ഒരു വീട്ടില്‍ ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് ഉന്നത നേതാവിന് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സക്കരിയ്യക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ മകന് ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയാ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന് ബിജുമോന് എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസില്‍ 32ാം പ്രതിയാണ് പി.ജയരാജന്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ജയരാജനും രാജേഷും നല്കിയ ഹരജി നേരത്തേ സുപ്രിംകോടതി തള്ളിയിരുന്നു.