ജിദ്ദ- നിതാഖാത്ത് വ്യവസ്ഥയിൽ ഉയർന്ന കാറ്റഗറിയിലുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പ്രഖ്യാപനത്തോടെ ഒഴിവായത് ലെവി കുടിശ്ശിക (ഇൻവോയ്സ്) മാത്രം. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഏർപ്പെടുത്തിയ ലെവി മാറ്റമില്ലാതെ തുടരും.
സൗദിയിൽ 2018 ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. 2017 വരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രമായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടയ്ക്കേണ്ടിയിരുന്നത്. 2018 ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കി. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ 3,600 റിയാൽ ആണ് 2018ൽ ലെവിയായി അടക്കേണ്ടിയിരുന്നത്. ഈ വർഷം സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 600 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 500 റിയാലുമാണ് ലെവി നൽകേണ്ടത്. അടുത്ത വർഷം സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 800 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 700 റിയാലും ലെവി നൽകേണ്ടിവരും. ഈ വ്യവസ്ഥക്ക് നിലവിൽ മാറ്റമില്ല.
2018ൽ പുതിയ ലെവി ആരംഭിക്കുന്നതിന് മുമ്പായി 2017ൽ മുൻകൂട്ടി തൊഴിലാളികളുടെ ഇഖാമയും വർക്ക് പെർമിറ്റും ഭൂരിപക്ഷം സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും പുതുക്കിയിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് തങ്ങളുടെ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ 2018 ൽ ലെവി അടക്കാത്ത മാസങ്ങൾ കണക്കാക്കി പുതിയ നിരക്കിലുള്ള ലെവി ഈടാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇൻവോയ്സ് ഇഷ്യു ചെയ്തിരുന്നു. ഈ കുടിശ്ശിക അടച്ച സ്ഥാപനങ്ങൾക്കും അടക്കേണ്ടിയിരുന്നവയ്ക്കുമാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
2018 ജനുവരി 29 മുതൽ ഇഷ്യു ചെയ്ത് തുടങ്ങിയ ലെവി ഇൻവോയ്സുകൾ ആറു മാസത്തിനകം അടക്കണമെന്നായിരുന്നു മന്ത്രാലയം ഒടുവിൽ നിർദേശിച്ചിരുന്നത്. കൂടാതെ 10,000 റിയാലിൽ കൂടുതലാണെങ്കിൽ മൂന്നു ഗഡുക്കളായി അടക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിരുന്നു. പല സ്ഥാപനങ്ങൾക്കും ഭീമമായ തുകയുടെ ലെവി ഇൻവോയ്സ് ആണ് ലഭിച്ചിരുന്നത്.
അതേസമയം, നാലും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളെ ലെവിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഉടമ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തുന്നുവെങ്കിൽ ഒമ്പത് ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ നാലു വിദേശികൾക്കും തൊഴിൽ മന്ത്രാലയം ലെവി ഒഴിവാക്കിയിട്ടുണ്ട്.