ധോല്‍പുര്‍- രാജസ്ഥാനില്‍ തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ധോല്‍പൂര്‍ ജില്ലയില്‍ ഗുജ്ജാറുകള്‍ ആരംഭിച്ച ധര്‍ണാ സമരം അക്രമാസക്തമായി. മൂന്ന് പോലീസ് വാഹനങ്ങള്‍ കത്തിച്ചു. അജ്ഞാത സംഘം ആകാശത്തേക്ക് നിറയൊഴിച്ചു.
ആഗ്ര-മൊറേന ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞതിനിടെയാണ് അജ്ഞാതരായ അക്രമികള്‍ പത്ത് റൗണ്ട് ആകാശത്തേക്ക് വെടിവെച്ചതെന്ന് ധോല്‍പുര്‍ പോലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. പോലീസിന്റെ രണ്ട് ജീപ്പുകളും ഒരു ബസുമാണ് കത്തിച്ചത്. കല്ലേറില്‍ നാല് ജവാന്മാര്‍ക്ക് പരിക്കേറ്റതായും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായും അദ്ദേഹം പറഞ്ഞു.