Sorry, you need to enable JavaScript to visit this website.

കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയാറെന്ന് മുല്ലപ്പള്ളി

മഞ്ചേരി- അക്രമരാഷ്ട്രീയം അവസാനിപ്പിച്ചാല്‍ ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഎമ്മുമായി കോണ്‍ഗ്രസ് സഹകരിക്കാന്‍ തയാറാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് നടത്തിവരുന്ന ജനമഹായാത്ര നയിച്ച് മഞ്ചേരിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദേശീയ തലത്തില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ഏതു മതനിരപേക്ഷ ജനാധിപത്യ കക്ഷികളുമായും സഹരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. ബംഗാളിലേതു പോലെ കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. എന്നാല്‍ ആദ്യം സിപിഎം അക്രമരാഷ്ട്രീയം കൈവെടിയണമെന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ദേശീയ തലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ സിപിഎമ്മിനും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപി-സിപിഎം ബന്ധം ശക്തമാണ്. റഫാല്‍ അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിജെപിയുടെ പേരു പോലും പിണറായി വിജയന്‍ പറയുന്നില്ല. ലാവ്‌ലിന്‍ കേസിന്റെ ചുരുളഴിയുമോ എന്ന ഭയമാണോ പിണറായിക്ക്?- അദ്ദേഹം ചോദിച്ചു.

മുസ്ലിം ലീഗ് ആവശ്യപ്പെടുന്ന മൂന്നാം സീറ്റിന്റെ കാര്യത്തില്‍ അവര്‍ സൗഹാര്‍ദപരമായി നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. ലീഗിനു ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ബോധ്യമുണ്ട്. ലീഗ് നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News