ലഖ്‌നൗ- വിഷമദ്യം കഴിച്ച് മൂന്ന് ദിവസങ്ങളിലായി ഉത്തര്‍ പ്രദേശിലും അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലും മരിച്ചവരുടെ എണ്ണം 70 ആയി ഉയര്‍ന്നു. പടിഞ്ഞാറന്‍ യുപിയിലെ സഹാറന്‍പൂര്‍ ജില്ലയില്‍ മാത്രം 36 പേരാണ് മരിച്ചത്. കിഴക്കന്‍ യുപിയിലെ കുശിനഗറില്‍ എട്ടു പേരും. സഹാറന്‍പൂരിനോട് ചേര്‍ന്ന് കിടക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയില്‍ ഇതുവരെ 28 പേരും മരിച്ചു. 25-ഓളെ പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. സഹാറന്‍പൂരിലും ഉത്തരാഖണ്ഡിലും ദുരന്തമുണ്ടാക്കിയ വിഷമദ്യത്തിന്റെ സ്രോതസ്സ് ഒന്നു തന്നെയാണെന്ന് യുപി പൊലീസ് പറഞ്ഞു. വിഷമദ്യം കഴിച്ച് ആദ്യം മരണമുണ്ടായ ഉത്തരാഖണ്ഡിലെ ബാലുപൂരിലേക്ക് സഹാറന്‍പൂരില്‍ നിന്നുള്ളവര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും വിഷമദ്യം കഴിച്ചു. ഇവരില്‍പ്പട്ടയാള്‍ ആണ് വിഷമദ്യം സഹാറന്‍പൂരിലേക്കു കടത്തിക്കൊണ്ടു വന്നത്. ഇയാള്‍ പിന്നീട് മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നുവെന്നും സംശയിക്കപ്പെടുന്നു. കുശിനഗറില്‍ മരണത്തിനിടയാക്കിയ വിഷമദ്യം പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന ബിഹാറില്‍ നിന്നെത്തിച്ചതാണെന്ന് അധികൃതര്‍ പറയുന്നു.
പിന്റു എന്നയാളാണ് പൗച്ചുകളിലുള്ള മദ്യം സഹാറന്‍പൂരിലെത്തിച്ച് വില്‍പ്പന നടത്തിയത്. ഇതു കഴിച്ചവരെല്ലാം മരണപ്പെടുകയോ ആശുപത്രിയിലാകുകയോ ചെയ്തിട്ടുണ്ട്. രണ്ടു പൗച്ചുകള്‍ മാത്രമാണ് കണ്ടെടുക്കാനായത്- സഹാറന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് എ.കെ പാണ്ഡെ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം വ്യാജമദ്യ വേട്ട ആരംഭിച്ചു. അനധികൃത മദ്യ നിര്‍മ്മാണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാത് ഉത്തരവിട്ടിരുന്നു. വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് ജില്ലാ എക്‌സൈസ് ഓഫീസറേയും ജില്ലാ എക്‌സൈസ് ഇന്‍സ്‌പെകടറേയും അടക്കം 10 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. 17 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.