ഇന്ന് അവസാനിക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോയിൽ ഇലക്ഷൻ സംബന്ധമായ സുപ്രധാന തീരുമാനങ്ങളുണ്ടാവും
കോട്ടയം - ഇടതുമുന്നണിയുടെ സ്ഥാനാർഥികൾ ആരായിരിക്കും. പുതുമുഖങ്ങൾ ഉണ്ടാവുമോ. പ്രമുഖർ ലിസ്റ്റിൽ ഇടം തേടുമോ. സി.പി.എമ്മിന്റെ ഇന്ന് അവസാനിക്കുന്ന പോളിറ്റ്ബ്യൂറോയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നായകരുടെ ചിത്രം തെളിയും. സിപിഎമ്മും സിപിഐയും മന്ത്രിമാരെ നിയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്. കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സിപിഎം നിയോഗിച്ച ചലച്ചിത്ര താരങ്ങൾ അപ്രതീക്ഷിത വിജയം സമ്മാനിച്ചുവെന്നാണ് വിലയിരുത്തൽ. ചാലക്കുടിയിൽ ഇന്നസെന്റും, കൊല്ലം നിയമസഭയിൽ മുകേഷും ജയിച്ചുകയറി. ഇക്കുറിയും ചലച്ചിത്രതാരങ്ങളെയും സ്വതന്ത്രരെയും പിന്തുണയ്ക്കാനാണ് ആലോചന. പ്രത്യേകിച്ചും ശബരിമല വിഷയം സ്വാധീനിക്കുന്ന മണ്ഡലങ്ങളിൽ.
കോൺഗ്രസ് നേതൃത്വം ആലോചിച്ചതുപോലെ സ്വാധീനമുളള എംഎൽഎമാരെയും പാർട്ടി ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് പരിപാടി. ഇതിനായി ഒരു ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. കൂടാതെ നവോത്ഥാനസദസുകളുമായി സഹകരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെയും. ആലപ്പുഴയിൽ ധനമന്ത്രി തോമസ് ഐസക്കിനെ മത്സരിപ്പിക്കാൻ ആലോചിക്കുന്നതായി സൂചനയുണ്ട്. സിപിഐയും മന്ത്രിമാരെ രംഗത്ത് ഇറക്കിയേക്കും. നിലവിൽ മന്ത്രി വി.എസ് സുനിൽകുമാറിന്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്. സുനിലിനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചേക്കും. സുനിൽകുമാർ അല്ലെങ്കിൽ ആനി രാജ ഇതാണ് തിരുവനന്തപുരത്ത് ഇപ്പോഴുളള സമവാക്യം. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിനെയാണ് പരിഗണിക്കുന്നത്. ചിറ്റയം എം.എൽ.എ ആയതിനാൽ അത്തരമൊരു പരീക്ഷണം വേണ്ടെന്നുളള വാദവും പാർട്ടിയിലുണ്ട്. തൃശൂരിൽ കെ. പി രാജേന്ദ്രന്റെ പേരിനാണ് മുൻതൂക്കം.
ശബരിമല തന്നെയാണ് കേരളത്തിലെ സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്. മധ്യകേരളത്തിലെ മണ്ഡലങ്ങളിൽ ഇതുകൊണ്ട് കാര്യമായ നേട്ടം പ്രതീക്ഷിക്കുന്നില്ലെങ്കിലും വടക്കൻ കേരളത്തിൽ പാർട്ടി പ്രതീക്ഷ വെച്ചുപുലർത്തുന്നു. സുപ്രിംകോടതിയിൽ ദേവസ്വം ബോർഡിന്റെ നിലപാട് സർക്കാരിനൊപ്പമാക്കാൻ യത്‌നിച്ചതും ഇതിനാലാണ്. ദേവസ്വം ബോർഡ് കമ്മീഷണർ വാസുവിനെ സുപ്രിംകോടതിയിലേക്ക് നിയോഗിച്ചത് സി.പി.എം നേതൃത്വമാണെന്ന് പറയുന്നുണ്ടെങ്കിലും പത്മകുമാറിന്റെ മനസറിവോടെയാണ് എല്ലാം എന്നാണ് രഹസ്യ വിവരം.
ശബരിമല കത്തി നിന്നാൽ മാത്രമേ തെരഞ്ഞെടുപ്പിൽ പിടിച്ചുകയറാനാവൂ എന്ന് സി.പി.എമ്മിന് അറിയാം. പാർട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കൾ നൽകിയിരിക്കുന്ന റിപ്പോർട്ടുകളും അതാണ്. അതേസമയം സി.പി.ഐ ശബരിമല വിഷയത്തിൽ കരുതലോടെയാണ് പ്രതികരിച്ചത്.
സുപ്രിംകോടതി വിധി സർക്കാർ മനോഭാവത്തിന് അനുകൂലമായാൽ മാത്രമേ വിഷയം നിലനിൽക്കൂ. സംഘപരിവാർ തെരുവിലിറങ്ങുന്നതോടെ കലാപകലുഷിതമാകും. എങ്കിൽ ന്യൂനപക്ഷ വോട്ട് ധ്രുവീകരണം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ക്രൈസ്തവ വിഭാഗക്കാരും ശബരിമലയിലെ പഴമ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. കെ.സി.ബി.സി നിലപാട് വ്യക്തമാക്കുകയും ചെയ്തു. വിശ്വാസങ്ങളിലുളള കടന്നുകയറ്റത്തെ അനുകൂലിക്കാനാവില്ലെന്നാണ് കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാട്. ഇത്തരത്തിലുളള നീക്കത്തെ പ്രോത്സാഹിപ്പിച്ചാൽ ഭാവിയിൽ ഇതര മതസ്ഥർക്കും പ്രശ്‌നമാകുമെന്നാണ് സഭ കരുതുന്നത്.
പത്തനംതിട്ട ജനതാദളിന് വിട്ടുകൊടുത്ത് പകരം കോട്ടയം സി.പി.എം ഏറ്റെടുക്കാനുളള നീക്കവും ഉണ്ട്. ജനതാദൾ സ്ഥാനാർഥി മത്സരിച്ചാൽ വലിയ പ്രതിച്ഛായ നഷ്ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. നായർ സർവീസ് സൊസൈറ്റിയുടെ നിലപാടും സിപി.എം ചർച്ച ചെയ്യുന്നുണ്ട്. പി.ബിക്ക് ശേഷം ഇക്കാര്യത്തിൽ കൃത്യമായ നയസമീപനം എടുക്കും. നായർ സമുദായ സ്ഥാനാർഥികളെ ശബരിമല പ്രതിഫലിക്കുന്ന മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തിൽ ആർ. ബാലകൃഷ്ണപിളളയുമായി പാർട്ടി നേതാക്കൾ ആശയവിനിമയം നടത്തിക്കഴിഞ്ഞു.