ഉത്തർപ്രദേശാണ് സാധാരണഗതിയിൽ കേന്ദ്ര ഭരണം തീരുമാനിക്കുന്നത്. 2014 ൽ അവിടെയുള്ള 80 സീറ്റിൽ എഴുപത്തിമൂന്നും ബി.ജെ.പിയും സഖ്യകക്ഷികളും പിടിച്ചെടുത്തു. യു.പിയിൽ ഇനി നില മെച്ചപ്പെടുത്തുക ഏതാണ്ട് അസാധ്യമാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ശ്രദ്ധ മഹാരാഷ്ട്രയിലേക്കാണ്. 48 സീറ്റുകളുണ്ട് മഹാരാഷ്ട്രയിൽ. യു.പി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ. മഹാരാഷ്ട്ര പിടിക്കണമെങ്കിൽ ശിവസേനയുടെ കൂട്ടു വേണം ബി.ജെ.പിക്ക്. പക്ഷെ കാര്യങ്ങൾ സുഗമമല്ല. തള്ളണോ കൊള്ളണോ എന്നറിയാതെ ത്രിശങ്കുവിലാണ് അവിടെ പരമ്പരാഗത സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും.
2014 ലെ ലോക്‌സഭാ, നിയമസഭാ ഇലക്ഷനുകളിൽ മഹരാഷ്ട്രയിൽ വൻ വിജയമാണ് ബി.ജെ.പി-ശിവസേനാ സഖ്യം സ്വന്തമാക്കിയത്. ലോക്‌സഭയിലേക്ക് മത്സരിച്ച 24 സീറ്റിൽ ഇരുപത്തിമൂന്നും ബി.ജെ.പി ജയിച്ചു. 20 സീറ്റിൽ പതിനെട്ടും ശിവസേനയും നേടി. എന്നാൽ തൊട്ടുടനെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യം പിളർന്നു. കാൽനൂറ്റാണ്ട് നീണ്ട ബന്ധമാണ് വിഛേദിക്കപ്പെട്ടത്. ബി.ജെ.പി 288 അംഗ നിയമസഭയിൽ 122 സീറ്റ് നേടി. ശിവസേന 63 സീറ്റിലൊതുങ്ങി. ഇരുപാർട്ടികളും ഇലക്ഷനു ശേഷം കൈകോർക്കുകയും മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു.
എന്നാൽ വിള്ളൽ അതുപോലെ നിന്നു. കഴിഞ്ഞ നാലു വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ച നേതാക്കളിലൊരാൾ ഉദ്ധവ് താക്കറെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എങ്ങനെ ഈ പാർട്ടികൾ ഭിന്നതകൾ മറന്ന് കൈകോർക്കുമെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.
ബി.ജെ.പിയോട് ഏറ്റവും സമാന മനസ്സുള്ള സഖ്യ കക്ഷിയായിരുന്നു ശിവസേന. ഹിന്ദുത്വ രാഷ്ട്രീയമാണ് രണ്ടു പാർട്ടികളുടെയും പൊക്കിൾക്കൊടി ബന്ധം. ബി.ജെ.പിയെ ഒഴിവാക്കി ഒരു രാഷ്ട്രീയ വ്യക്തിത്വം ശിവസേനക്കില്ല. മഹാരാഷ്ട്രയിൽ പരമാവധി സീറ്റ് കൈക്കലാക്കാൻ ശിവസേനാ ബന്ധം ബി.ജെ.പിക്ക് അനിവാര്യവുമാണ്. കൈകോർക്കുകയല്ലാതെ ഈ പാർട്ടികൾക്ക് വേറെ വഴിയില്ല. കോൺഗ്രസും എൻ.സി.പിയും സഖ്യം പ്രഖ്യാപിച്ചിരിക്കെ പ്രത്യേകിച്ചും.
ബാൽ താക്കറെ ആയിരുന്നു വർഷങ്ങളായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. താക്കറെ മരണപ്പെടുകയും നരേന്ദ്ര മോഡി ആ സ്ഥാനം കൈയടക്കുകയും ചെയ്തതാണ് ഈ സംഘടനകൾ തമ്മിലുള്ള പിരിമുറുക്കത്തിന്റെ അടിസ്ഥാന ഹേതു.
യു.പിയിൽ ബി.ജെ.പി 71 സീറ്റാണ് 2014 ൽ നേടിയത്. സഖ്യകക്ഷിയായ അപ്‌നാദളിന് രണ്ട് സീറ്റ് കിട്ടി. മറ്റു പാർട്ടികളെല്ലാം ഏഴ് സീറ്റിലൊതുങ്ങി. യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലേറിയ ശേഷം മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. ആദിത്യനാഥിന്റെ ഗോരഖ്പൂരിലുൾപ്പെടെ. മൂന്നും അവർ തോറ്റു. അടുത്ത ഇലക്ഷനിൽ എസ്.പിയും ബി.എസ്.പിയും കൈകോർത്തതോടെ ബി.ജെ.പിയുടെ സാധ്യതകൾ കൂടുതൽ മങ്ങും. അതിനാൽ തന്നെ മഹാരാഷ്ട്രയാണ് ബി.ജെ.പി ഏറ്റവും ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാനം. 2014 ൽ മഹാരാഷ്ട്രയിലെ 48 സീറ്റിൽ നാൽപത്തൊന്നും ബി.ജെ.പി-സേനാ സഖ്യമാണ് പിടിച്ചെടുത്തത്. ഇത്തവണ വെവ്വേറെയാണ് മത്സരിക്കുന്നതെങ്കിൽ ബി.ജെ.പി 22 സീറ്റിലൊതുങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടൽ. ബന്ധം വിഛേദിക്കുന്നത് ശിവസേനക്ക് കൂടുതൽ ദോഷം ചെയ്യും. അവർ മൂന്ന് സീറ്റുകളിലൊതുങ്ങിയേക്കും.
ശിവസേനക്ക് തങ്ങൾക്കൊപ്പം നിൽക്കുകയല്ലാതെ വഴിയില്ലെന്ന് ബി.ജെ.പിക്ക് അറിയാം. അതുകൊണ്ടാണ് സേനയുടെ പ്രകോപനങ്ങളെല്ലാം ബി.ജെ.പി കണ്ടില്ലെന്ന് നടിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത്. മറാത്ത വികാരമുയർത്തിയാണ് ശിവസേന വളർന്നത്.
എന്നാൽ ആ മുദ്രാവാക്യത്തിന്റെ മൂർച്ച ക്രമേണ കുറഞ്ഞു. അതോടെയാണ് ബാൽതാക്കറെ ഹിന്ദുത്വ മുദ്രാവാക്യം ഏറ്റെടുത്തത്. 1995 ൽ സംസ്ഥാനത്തെ കോൺഗ്രസ് ഭരണം ബി.ജെ.പി-സേനാ സഖ്യം തകർത്തു. 2012 ൽ താക്കറെ അന്തരിച്ചതോടെയാണ് സേനക്കു മേൽ ബി.ജെ.പി ആധിപത്യം പുലർത്താൻ ശ്രമമാരംഭിച്ചത്. ശിവസേനയുടെ അണികളിൽ വലിയൊരു വിഭാഗത്തിന് മോഡി പ്രിയങ്കരനാണ്. ശിവസേന ഒറ്റക്കു പൊരുതിയാൽപോലും അവരുടെ വോട്ടിൽ ഗണ്യമായ ഭാഗം ബി.ജെ.പിക്ക് പോകുമെന്ന് കരുതുന്നവരേറെയാണ്.
1989 ൽ സഖ്യമുണ്ടാക്കിയതു മുതൽ ദേശീയ രാഷ്ട്രീയത്തിൽ പിടിവള്ളിയുണ്ടാക്കാൻ ബി.ജെ.പിയെ ആശ്രയിക്കുകയായിരുന്നു സേന. അതേസമയം സേനയുടെ ചെലവിൽ ബി.ജെ.പി മഹാരാഷ്ട്രയിൽ വേരോട്ടമുണ്ടാക്കി.
ഇത്തവണ ബി.ജെ.പിയാണ് ആദ്യം മനസ്സ് തുറന്നത്. പകുതി സീറ്റുകൾ (24 സീറ്റ്) സേനക്കു വിട്ടുതരാമെന്ന് അവർ ഓഫർ വെച്ചു. കഴിഞ്ഞ തവണ 26 സീറ്റൽ ബി.ജെ.പിയും 22 സീറ്റിൽ ശിവസേനയുമാണ മത്സരിച്ചത്. ഇലക്ഷൻ അടുക്കുന്നതോടെ വൈരം മാറ്റി വെച്ച് ഇരു പാർട്ടികളും കൈകോർക്കാനാണ് സാധ്യത. ശിവസേനയെ സംബന്ധിച്ചിടത്തോളം നിലപാടുകളിലെ യു ടേണുകളൊന്നും അത്ര പുത്തരിയല്ല. ഹിന്ദുത്വയുടെ പേരിൽ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശിവസേനയോട് അഭ്യർഥിക്കുകയും ചെയ്തു.
ശിവസേന-ബി.ജെ.പി ബന്ധത്തിൽ മഞ്ഞുരുകുന്നതിന്റെ ആദ്യ സൂചന ദൃശ്യമായത് കൊൽക്കത്തയിൽ മമതാ ബാനർജി വിളിച്ചു ചേർത്ത പ്രതിപക്ഷ റാലിയിൽ നിന്ന് ശിവസേന വിട്ടുനിന്നപ്പോഴാണ്. അതിന് പ്രത്യുപകാരമായി മുംബൈയിലെ മേയർ ബംഗ്ലാവ് ബാൽതാക്കറെ സ്മാരകമാക്കാനും അതിനായി പ്രവർത്തിക്കുന്ന സംഘടനക്ക് 100 കോടി രൂപ കൈമാറാനും മഹാരാഷ്ട്രാ സർക്കാർ തീരുമാനിച്ചു.
സഖ്യത്തിൽ വിള്ളലുണ്ടാവുമെങ്കിൽ അത് ലോക്‌സഭയുടെ പേരിലായിരിക്കില്ല.
ഒരേസമയം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് വേണമെന്ന് സേന ആവശ്യപ്പെടുന്നുണ്ട്. നിയമസഭയിൽ കൂടുതൽ സീറ്റ് തങ്ങൾക്ക് അനുവദിക്കണമെന്ന നിലപാടിൽ നിന്ന് സേന പിന്നോട്ടു പോകാൻ സാധ്യത കുറവാണ്. എന്തായാലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങൾ കൗതുകത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. വരും ദിനങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ കേന്ദ്രത്തിൽ ആര് വരുമെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാവും.