അഞ്ച്  സ്ഥാനമോഹികൾ, ആറാമന്  നറുക്ക് വീഴുമോ?

പൃഥ്വിരാജ് ചവാൻ

മത്സരിക്കുമോ?
പൃഥ്വിരാജ് ചവാൻ, പൂനെ

പൂനെ - പൂനെ ലോക്‌സഭാ സീറ്റിലേക്ക് മഹാരാഷ്ട്രാ കോൺഗ്രസിന്റെ പാർലമെന്ററി ബോർഡ് സ്ഥാനാർഥികളെ പരിഗണിച്ചു തുടങ്ങി. അഞ്ചു പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. ആനന്ദ് ഗാഡ്ഗിൽ, അഭയ് ചാജെദ്, ബാലാസാഹെബ് ശിവാർക്കർ, ശരദ് റാൻപിസെ, അരവിന്ദ് ഷിൻഡെ എന്നിവരുടെ പേരുകളാണ് നഗരത്തിലെ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെക്കുന്നത്. എന്നാൽ രംഗത്തിറങ്ങാൻ മടിക്കുന്ന മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ കോൺഗ്രസ് മത്സരിപ്പിച്ചേക്കുമെന്നാണ് ശ്രുതി. 
2014 ലെ ലോക്‌സഭാ ഇലക്ഷനിൽ കോൺഗ്രസ് സ്ഥാനാർഥി വിശ്വജീത് കദം ബി.ജെ.പിയിലെ അനിൽ ഷിരോലെയോട് ഒരു ലക്ഷത്തിൽ പരം വോട്ടിന് തോൽക്കുകയായിരുന്നു. കദമിനെ സ്ഥാനാർഥിയാക്കിയത് നഗരത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ അതൃപ്തി ക്ഷണിച്ചു വരുത്തിയിരുന്നു. സാംഗ്ലി സ്വദേശിയായ കദമിനെ സ്വീകരിക്കാൻ പാർടി പ്രവർത്തകർ വിസമ്മതിച്ചു. 2014 ലെ പിഴവ് ഇത്തവണ ആവർത്തിക്കരുതെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂനെ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എട്ട് മണ്ഡലങ്ങളും ബി.ജെ.പിയാണ് നേടിയത്. പ്രാദേശിക സമിതി ഇലക്ഷനുകളിലും ബി.ജെ.പിക്കായിരുന്നു മൃഗീയ ഭൂരിപക്ഷം. ഈ സാഹചര്യത്തിൽ പുറത്തുനിന്ന് വരുന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് ജയിക്കാൻ പ്രയാസമായിരിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ കോൺഗ്രസ് ഹൈക്കമാന്റ് ആയിരിക്കും സ്ഥാനാർഥി നിർണയത്തിൽ അന്തിമ വാക്ക്. 
പൃഥ്വിരാജ് ചവാന് ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കാൻ ഏറ്റവും പറ്റിയ പ്രതലമാണ് പൂനെ എന്ന് സംസ്ഥാനത്തെ സീനിയർ കോൺഗ്രസ് നേതാക്കൾ പറയുന്നു. തീവ്രപ്രാദേശിക വികാരം നിലനിൽക്കുന്ന പ്രദേശമല്ല പൂനെ എന്നും അവർ വാദിക്കുന്നു. 
മഹാരാഷ്ട്രയിലെ സതാറ ജില്ലയിലെ സൗത്ത് കാരഡ് അസംബ്ലി മണ്ഡലത്തെയാണ് ചവാൻ ഇപ്പോൾ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. സതാറ ലോക്‌സഭാ പരിധിയിലാണ് ഈ മണ്ഡലം. എന്നാൽ സതാറ ലോക്‌സഭാ മണ്ഡലം ഇപ്പോൾ എൻ.സി.പിയുടെ കൈയിലാണ്. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന്റെ ധാരണയനുസരിച്ച് സതാറയിൽ എൻ.സി.പി തന്നെ മത്സരിക്കും. അതിനാൽ അവിടെ മത്സരിക്കാൻ ചവാന് സാധിക്കില്ല. 
ചവാൻ മറാത്ത സമുദായാംഗമാണ്. മറാത്ത വിഭാഗക്കാരുടെ വോട്ട് നേടാൻ ചവാന് സാധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളിൽ പലരും വിശ്വസിക്കുന്നത്. കഴിഞ്ഞ തവണ മറാത്ത വിഭാഗക്കാരുടെ വോട്ട് കിട്ടിയത് ബി.ജെ.പി സ്ഥാനാർഥി ഷിരോലെക്കായിരുന്നു. കൂടാതെ ചവാന്റെ ക്ലീൻ ഇമേജും വിദ്യാസമ്പന്നരും പ്രൊഫഷനലുകളുമേറെയുള്ള പൂനെയിൽ വലിയ മുതൽക്കൂട്ടാവുമെന്ന് കരുതുന്നവരുണ്ട്. 
പൂനെയിൽ നിന്ന് മത്സരിക്കാൻ താൽപര്യമില്ലെന്ന് ചവാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായിരിക്കെ എൻ.സി.പി നേതൃത്വവുമായി അദ്ദേഹത്തിന് നല്ല ബന്ധവുമായിരുന്നില്ല. 
പൃഥ്വിരാജ് ചവാന് കാലിഫോർണിയ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മെഡിക്കൽ എഞ്ചിനിയറിംഗിൽ ബിരുദമുണ്ട്. എയർക്രാഫ്റ്റ് ഇൻസ്ട്രുമെന്റേഷനിലും അന്തർവാഹിനികളിലെ ഓഡിയൊ ഡിസൈനിംഗിലും ജോലി ചെയ്തിരുന്നു. 1974 ലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ക്ലീൻ ഇമേജുമുണ്ട് ഇദ്ദേഹത്തിന്. 

 

Latest News