ഷില്ലോങ്- ബംഗാളില്‍ കോളിളക്കമുണ്ടാക്കിയ ശാരദാ ചിട്ടിഫണ്ട് കേസില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന കൊല്‍ക്കത്ത് പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ സംഘം ഇന്ന് മേഘാലയയിലെ ഷില്ലോങില്‍ ചോദ്യം ചെയ്യും. നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് തടയുകയും തുടര്‍ന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള പോരിന് കാരണമാകുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സ്ഥലവും സുപ്രീം കോടതിയാണ് നിശ്ചയിച്ചത്. ഇവിടെ സിബിഐ ഓഫീസിലും പിന്നീട് മറ്റൊരു രഹസ്യ കേന്ദ്രത്തിലും വച്ച് രാജീവ് കുമാറിനെ ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. രാജീവ് കുമാറിനൊപ്പം കൊല്‍ക്കത്ത പൊലീസിലെ മൂന്ന് മറ്റു ഉന്നത ഓഫീസര്‍മാരും കഴിഞ്ഞ ദിവസമാണ് ഷില്ലോങിലെത്തിയത്. ദല്‍ഹയില്‍ നിന്നുള്ള സിബിഐ സംഘവും ഇവിടെ എത്തിയിട്ടുണ്ട്.
രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്ന് രാജീവ് കുമാറിനോടും ആവശ്യപ്പെട്ടിരുന്നു. ശാരദാ ചിട്ടിഫണ്ട് കുംഭകോണം അന്വഷിച്ച പ്രത്യേക സംഘത്തെ നയിച്ച രാജീവ് കുമാര്‍ നിര്‍ണായകമായ ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിച്ചെന്നും കൈമാറിയ രേഖകളില്‍ തിരിമറി നടത്തിയെന്നുമാണ് സിബിഐ ആരോപിക്കുന്നത്.