Sorry, you need to enable JavaScript to visit this website.

വടക്കൻ കാറ്റിലുലഞ്ഞ് കാവി സഖ്യം

അസമിലെ ബി.ജെ.പി സർക്കാർ നൽകിയ ബഹുമതികൾ പ്രതിഷേധത്തിന്റെ ഭാഗമായി തിരിച്ചുനൽകുന്നു.  
മിസോറമിൽ നടന്ന പ്രതിഷേധത്തിൽ ഇന്ത്യാ വിരുദ്ധ പ്ലക്കാർഡ്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യ കുറക്കുകയെന്ന ഉദ്ദേശ്യത്തോടെ വർഗീയ കാർഡ് ഇറക്കുമ്പോൾ അത് ഇത്ര വലിയ തിരിച്ചടിയാവുമെന്ന് ബി.ജെ.പി കരുതിയില്ല. 25 ലോക്‌സഭാ സീറ്റുകളുള്ള വടക്കുകിഴക്കൻ മേഖല പൗരത്വ ബില്ലിനെതിരെ ഒന്നടങ്കം ഇളകിമറിയുകയാണ്. പാണ്ടോരയുടെ പെട്ടിയാണ് കേന്ദ്ര സർക്കാർ തുറന്നുവിട്ടിരിക്കുന്നത്. അതിന്റെ പ്രത്യാഘാതം ഒരു ഇലക്ഷനിൽ മാത്രം ഒതുങ്ങില്ല. 


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ കാർഡ് പുറത്തെടുത്ത് കൈ പൊള്ളിയിരിക്കുകയാണ് ബി.ജെ.പിക്ക്. മതവിഭാഗങ്ങൾക്കിടയിൽ വിവേചനം പാടില്ലെന്ന ഭരണഘടനാ തത്വം ലംഘിച്ച് ബി.ജെ.പി പൗരത്വ ബിൽ പടച്ചുണ്ടാക്കിയത് വർഗീയ ചേരിതിരിവിലൂടെ വോട്ട് നേടിയെടുക്കാനാണ്. അപ്രതീക്ഷിതമായി ബില്ലിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് അതിശക്തമായ എതിർപ്പാണ് നേരിടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒരർഥത്തിൽ പ്രത്യേകം രാജ്യം തന്നെയാണ്. മറ്റു പ്രദേശങ്ങളിൽനിന്ന് ഒരുപാട് വ്യത്യാസങ്ങൾ ഉള്ള പ്രദേശങ്ങളാണ് ഇവ. കുടിയെറ്റത്തെ സാധൂകരിക്കുന്ന എന്തും അവിടെ തീപ്പൊരിയാണ്. അയൽരാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്ത അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന പ്രക്രിയ എളുപ്പമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം മേഖലയിൽ അഭൂതപൂർവമായ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സമീപകാലത്തു മാത്രം മേഖലയിൽ സ്വാധീനമുറപ്പിക്കാൻ സാധിച്ച ബി.ജെ.പി ആ കൊടുങ്കാറ്റിൽ ഉലയുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിനെ പൂർണമായും വർഗീയ പ്രചാരണമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് രാമക്ഷേത്ര പ്രസ്ഥാനത്തോടൊപ്പം പൗരത്വ ബില്ലും ബി.ജെ.പി സജീവ ചർച്ചയാക്കിയത്. 
ബി.ജെ.പിക്ക് ഈയിടെയാണ് വടക്കു കിഴക്കൻ മേഖലയിലേക്ക് പ്രവേശം കിട്ടിയത്. പ്രാദേശിക പാർട്ടികളുടെ പുറത്തേറി അവർ സ്വാധീനം വർധിപ്പിക്കുകയായിരുന്നു. എന്നാൽ പൗരത്വ ബില്ലിലൂടെ ബി.ജെ.പി മേഖലയിൽ ഒറ്റപ്പെടുകയാണ്. വടക്കുകിഴക്കൻ മേഖലയിൽ 25 ലോക്‌സഭാ സീറ്റുകളുണ്ട്. 14 ലോക്‌സഭാ മണ്ഡലങ്ങളുള്ള അസമിൽ ഈയിടെ ബി.ജെ.പിയുമായി അസം ഗണപരിഷത്ത് ബന്ധം വിഛേദിച്ചു. മേഖലയിലെ 10 രാഷ്ട്രീയ പാർട്ടികളെങ്കിലും ബില്ലിനെതിരാണ്. ഇതിൽ ആറും ബി.ജെ.പി നേതൃത്വം നൽകുന്ന നോർത്ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തിലെ അംഗങ്ങളാണ്. ബിൽ രാജ്യസഭ പാസാക്കുകയാണെങ്കിൽ ബി.ജെ.പിയുമായുള്ള ബന്ധം വിഛേദിക്കുമെന്ന് മേഘാലയയിലെയും മിസോറമിലെയും മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചു. ബിൽ ലോക്‌സഭ പാസാക്കിക്കഴിഞ്ഞു. ഒരു വിഷയത്തിൽ വടക്കുകിഴക്കൻ പാർട്ടികൾ ഇത്ര ഐക്യത്തോടെ നീങ്ങുന്നത് ആദ്യമായാണെന്നാണ് സീനിയർ ജേണലിസ്റ്റ് സുശാന്ത താലൂക്ക്ദാർ പറയുന്നത്. എന്നാൽ അസമിൽ മുസ്‌ലിംകൾ ഭൂരിപക്ഷമാകാതിരിക്കാനുള്ള ഏക മാർഗമാണ് ബില്ലെന്ന് ശക്തമായി വാദിക്കുകയാണ് ബി.ജെ.പി. ബിഹാറിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജനതാദൾ യുനൈറ്റഡും ബില്ലിനെ എതിർക്കുന്നു. 
ബില്ലിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമ്മേളനത്തിൽ മേഘാലയ, മിസോറം മുഖ്യമന്ത്രിമാരും നാഗാലാന്റ് മുഖ്യമന്ത്രിയയുടെ പ്രതിനിധിയും പങ്കെടുത്തു. മേഖലയിലെ കോൺഗ്രസിതര പാർട്ടികളെ ഒരുമിപ്പിച്ച് ബി.ജെ.പി ശ്രദ്ധാപൂർവം സൃഷ്ടിച്ച നോർത്ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം ഇതോടെ പൊളിഞ്ഞു. 
ബി.ജെ.പി കൂടി സഖ്യകക്ഷിയായ മേഘാലയയിലെ കോൺറാഡ് സാംഗ്മ ഗവൺമെന്റാണ് ഗുവാഹതിയിൽ നടന്ന യോഗത്തിന് മുൻകൈയെടുത്തത്. കോൺഗ്രസ് ആദ്യം ഈ ബില്ലിനെ കാര്യമാക്കിയിരുന്നില്ല. ബിൽ പാസാക്കിയപ്പോൾ ലോക്‌സഭയിൽനിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചെന്നു വരുത്തുക മാത്രമാണ് അവർ ചെയ്തത്. എന്നാൽ വടക്കുകിഴക്കൻ മേഖല പ്രതിഷേധക്കൊടുങ്കാറ്റിൽ ഇളകിമറിഞ്ഞത് പാർട്ടിയുടെ കണ്ണ് തുറപ്പിച്ചു. ബില്ലിനെതിരെ രാജ്യസഭയിൽ വോട്ട് ചെയ്യണമെന്ന് എം.പിമാർക്ക് നിർദേശം നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. 
അസമിലും മറ്റും തെരുവു പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. 1985 ലെ അസം കരാറാണ് മേഖലയിലെ വിദേശി പ്രശ്‌നം പരിഹരിക്കുന്നതിന്റെ അടിസ്ഥാന രേഖയായി പരിഗണിക്കപ്പെടുന്നത്. ചട്ടവും പദ്ധതിയും ഘടനയുമൊക്കെ ഈ കരാറനുസരിച്ചാവണം. 1979 നും 1985 നുമിടയിൽ അരങ്ങേറിയിരുന്ന നിരവധി രക്തരൂഷിതമായ കലാപങ്ങൾക്ക് താൽക്കാലികമായെങ്കിലും ശമനമുണ്ടായത് ഈ കരാറോടെയായിരുന്നു.  മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമായ അസമാണ് വടക്കുകിഴക്കിന്റെ സാമ്പത്തിക എൻജിൻ. 
അസമിലും കേന്ദ്രത്തിലും ബി.ജെ.പി ഭരണത്തിലെത്തിയതോടെയാണ് വിദേശി പ്രശ്‌നം വീണ്ടും തലപൊക്കിയത്. മേഖലയിലേക്ക് കുടിയേറിയെത്തിയവരെ തിരിച്ചയക്കാനുള്ള പദ്ധതി അതോടെ സജീവമായി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ കരടുരേഖ പ്രകാരം 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർ മേഖലയിലുണ്ട്. തലമുറകളായി ഇന്ത്യയിൽ ജീവിക്കുന്നവരെ വിദേശികളായി മുദ്ര കുത്തുന്ന ഈ കരട് രേഖക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. തങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 32 ലക്ഷത്തോളം പേർ പരാതി നൽകി. ഈ വിവാദങ്ങൾക്കിടയിലാണ് അയൽരാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്തവർക്ക് പൗരത്വം നൽകാനുള്ള ബിൽ കേന്ദ്രം ചുട്ടെടുത്തത്. 


മുസ്‌ലിംകളെ പൗരത്വം നൽകുന്നതിൽനിന്ന് ഒഴിവാക്കിയ നടപടി ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന് വിരുദ്ധമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇന്ത്യയുടെ ഏതു ഭാഗത്തായാലും നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നാണ് ഈ അനുഛേദത്തിലൂടെ ഭരണഘടന ഉറപ്പു നൽകുന്നത്. പകരം 2014 വരെ ഇന്ത്യയിലെത്തിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വം നൽകാനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്. വെറും 31,313 പേർ മാത്രമേ ഈ വിഭാഗങ്ങളിൽനിന്ന് ദീർഘകാല വിസയിൽ അഭയാർഥികളായി ഇന്ത്യയിലുള്ളൂ എന്നാണ് പാർലമെന്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം രഹസ്യാന്വേഷണ ബ്യൂറോ കണ്ടെത്തിയത്. ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ തണുപ്പിക്കാൻ കൂടിയാണ് ഈയിടെ ഭുപേൻ ഹസാരികക്ക് ഭാരതരത്‌നം പ്രഖ്യാപിച്ചത്. 
ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മണിപ്പൂരി സംവിധായകൻ അരിബം ശ്യാം ശർമ പത്മശ്രീ ബഹുമതി തിരിച്ചുനൽകാൻ തീരുമാനിച്ചു. 15 തവണ ദേശീയ അവാർഡ് കിട്ടിയ സിനിമാ പ്രവർത്തകനാണ് അദ്ദേഹം. പൗരത്വ ബിൽ വടക്കുകിഴക്കിന്റെയും മണിപ്പൂരിന്റെയും താൽപര്യങ്ങൾക്കെതിരാണെന്നും എന്നാൽ മേഖലയുടെ പ്രതിഷേധം കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2006 ലാണ് ശർമക്ക് പത്മശ്രീ കിട്ടിയത്. അസം പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 855 കുടുംബങ്ങൾക്ക് ബി.ജെ.പി സർക്കാർ നൽകിയിരുന്ന ബഹുമതികളും പ്രതിഷേധത്തിന്റെ ഭാഗമായി തിരിച്ചുനൽകി. 
മേഖലയിൽ കൂടുതൽ കുടിയേറ്റക്കാരെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി യൂനിയനുകളും ആരോപിക്കുന്നു. മുമ്പും വടക്കുകിഴക്ക് ശക്തമായ പോരാട്ടങ്ങൾ നയിച്ചത് വിദ്യാർഥി യൂനിയനുകളായിരുന്നു. 
റിപ്പബ്ലിക് ദിനത്തിന് രണ്ടു ദിവസം മുമ്പ് മിസോറമിൽ നടന്ന പ്രക്ഷോഭത്തിൽ പലരും ഉയർത്തിയ പ്ലക്കാർഡുകൾ ബൈ ബൈ ഇന്ത്യ, ഹെലോ ചൈന' എന്നായിരുന്നു. 
വേണ്ടിവന്നാൽ ഇന്ത്യ വിടാൻ മടിക്കില്ലെന്ന സന്ദേശമായിരുന്നു അത്. സമീപകാലത്ത് തങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച മേഖലയിൽനിന്ന് ബി.ജെ.പി നേരിടുന്നത് അതിശക്തമായ പ്രതിഷേധമാണ്. ഈ പ്രതിഷേധമാവട്ടെ ഒരു ഇലക്ഷനിൽ ഒതുങ്ങാതെ മേഖലയിൽ ആളിപ്പടരാൻ സാധ്യതയേറെയാണ്. 

Latest News