റിയാദ് - അത്യാധുനിക വാർത്താ വിനിമയ സാങ്കേതികവിദ്യ ഒരുക്കി സജ്ജീകരിച്ച സൗദിയയുടെ മൂന്നാമത്തെ വിമാനം സർവീസ് ആരംഭിച്ചു. എയർബസ് 320 എ ഇനത്തിൽ പെട്ട വിമാനത്തിന്റെ ഉൾവശം പൂർണമായും നവീകരിച്ച് അതിവേഗ ഇന്റർനെറ്റ് സേവനവും ഫോൺ കോൾ സേവനവും ലൈവ് ടി.വി ചാനൽ സംപ്രേഷണ സേവനവും ഏർപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഈ വിമാനം ബുധനാഴ്ച ആദ്യ സർവീസ് നടത്തി.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കായിരുന്നു പ്രഥമ സർവീസ്. സിംഗിൾ കോറിഡോറുള്ള വിമാനങ്ങളാണ് സൗദിയ അത്യാധുനിക സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യ ഏർപ്പെടുത്തി നവീകരിക്കുന്നത്. ഈ വിഭാഗത്തിൽ പെട്ട സൗദിയയുടെ മുഴുവൻ വിമാനങ്ങളും നവീകരിക്കുന്നുണ്ട്. സ്‌പേസ് ടെക്‌നോളജി കമ്പനിയുമായി സഹകരിച്ചാണ് പുതിയ സേവനം സൗദിയ വിമാനങ്ങളിൽ ഏർപ്പെടുത്തുന്നത്. അമേരിക്കക്ക് പുറത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജിയാണ് സൗദിയ വിമാനങ്ങളിൽ കമ്പനി ഒരുക്കുന്നത്. ഇതുവഴി ത്രീജി സാങ്കേതികവിദ്യയിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് കോളുകൾ വിളിക്കുന്നതിനും സെക്കന്റിൽ 50 എം.ബി വരെ വേഗതയുള്ള ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുത്തുന്നതിനും ലൈവ് ടി.വി ചാനൽ സംപ്രേക്ഷണങ്ങൾ വീക്ഷിക്കുന്നതിനും സൗദിയ യാത്രക്കാർക്ക് സാധിക്കും. വിമാനങ്ങളുടെ ഉൾവശം നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി ബിസിനസ് ക്ലാസിൽ 180 ഡിഗ്രി വരെ നിവർത്തിയിടാവുന്ന പുതിയ സീറ്റുകളും പതിനാറ് ഇഞ്ച് സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർ കൈവശം വെക്കുന്ന ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള ഹോൾഡറുകളും മൊബൈൽ ഫോൺ അടക്കമുള്ള വ്യക്തിപരമായ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള പോർട്ടുകളും ബിസിനസ് ക്ലാസിൽ ഒരുക്കിയിട്ടുണ്ട്. ബിസിനസ് ക്ലാസിൽ 20 സീറ്റുകളാണുള്ളത്.
90 സീറ്റുകളുള്ള ഇക്കോണമി ക്ലാസിലെ സീറ്റുകളും നവീകരിച്ചിട്ടുണ്ട്. സീറ്റുകൾ തമ്മിലെ വിസ്തീർണം വർധിപ്പിക്കുകയും 11 ഇഞ്ച് സ്‌ക്രീനുകൾ സീറ്റുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാ വിഭാഗത്തിലും പെട്ട യാത്രക്കാർക്ക് അനുയോജ്യമായ നിലക്ക് സൗദിയ വിമാനങ്ങളിലെ വിനോദ ഉള്ളടക്കം 11,000 ലേറെ മണിക്കൂറായി ഉയർത്തുന്നതിന് കമ്പനി ശ്രമിച്ചുവരികയാണ്. സീറ്റുകളിലെ സ്‌ക്രീനുകൾ വഴി ഉള്ളടക്കങ്ങളും വീഡിയോകളും ഫോട്ടോകളും യാത്രക്കാർക്ക് പങ്കുവെക്കുന്നതിനും എഴുത്തുകളിലൂടെ ആശയ വിനിമയം നടത്തുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. വിമാന ജീവനക്കാരുടെ സേവനം തേടൽ, ഭക്ഷണം വിതരണം ചെയ്യുമ്പോഴും ലാന്റ് ചെയ്യുമ്പോഴും നമസ്‌കാര സമയം സമാഗതമാകുമ്പോഴും യാത്രക്കാരെ ഉറക്കത്തിൽ നിന്ന് ഉണർത്തൽ എന്നിവ അടക്കമുള്ള സേവനങ്ങൾക്ക് സീറ്റുകളിലെ സ്‌ക്രീനുകൾ ഇന്ററാക്ടീവ് രീതിയിൽ സജ്ജീകരിക്കുന്നതിനും യാത്രക്കാർക്ക് സാധിക്കും.