Sorry, you need to enable JavaScript to visit this website.

മായാവതി 'ആനക്കാശ്' ഖജനാവിന് തിരികെ നല്‍കണം

ന്യൂദല്‍ഹി- ബഹുജന്‍ സമാജ് പാര്‍ട്ടി ഉത്തര്‍പ്രദേശിലെ വിവിധ സ്ഥളങ്ങളില്‍ ആന പ്രതിമകള്‍ സ്ഥാപിക്കാന്‍ ചെലവാക്കിയ പണം അധ്യക്ഷ മായാവതി സര്‍ക്കാര്‍ ഖജനാവിലേക്ക് തിരികെ നല്‍കണമെന്നു സുപ്രീം കോടതി. ബി.എസ്.പിയുടെ ചിഹ്നമാണ് ആന.
രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണത്തിനായി പൊതുഖജനാവില്‍നിന്നു പണം ചെലവാക്കുന്നതിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജികള്‍ ഏപ്രില്‍ രണ്ടിനു വീണ്ടും പരിഗണിക്കുമെന്നു കോടതി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മേയില്‍ ഹരജി പരിഗണിക്കണമെന്ന ബി.എസ്.പിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

2009–ല്‍ മായാവതി സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് ലഖ്‌നൗ, നോയിഡ എന്നിവടങ്ങളില്‍ ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും പാര്‍ട്ടി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ സ്ഥാപിച്ചത്. വലിയൊരു വിഭാഗം ആളുകള്‍ ദാരിദ്രരേഖക്ക് താഴെ കഴിയുന്ന സംസ്ഥാനത്ത് കോടികള്‍ മുടക്കി ഇത്തരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത് നിരുത്തരവാദിത്വപരമായ പ്രവര്‍ത്തിയാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകരായ രവികാന്ത്, സുകുമാര്‍ എന്നിവരാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

 

Latest News