റഫാല്‍: മോഡിയുടെ സമാന്തര ഇടപെടലിന് തെളിവു പുറത്ത്; പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങി

ന്യൂദല്‍ഹി- ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ പോര്‍വിമാന കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകാനിരിക്കെ പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പും ഇന്ത്യയുടെ ഔദ്യോഗിക ചര്‍ച്ചാ സംഘത്തേയും മറികടന്ന് സമാന്തരമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ട് ഫ്രാന്‍സുമായി ചര്‍ച്ച നടത്തിയതിന് തെളിവു പുറത്തായി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ എതിര്‍ത്തു കൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ കത്ത് ദി ഹിന്ദു ദിനപത്രമാണ് പുറത്തു കൊണ്ടു വന്നത്. ഈ സമാന്തര ഇടപെടല്‍ പ്രതിരോധ മന്ത്രാലയം ഫ്രഞ്ച് അധികൃതരുമായി നടത്തുന്ന ഔദ്യോഗിക ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്തി എന്ന് 2015 നവംബര്‍ 24-ലെ മന്ത്രാലയത്തിന്റെ ഈ കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. ഇക്കാര്യം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ചര്‍ച്ചാ സംഘത്തിന്റെ ഭാഗമല്ലാത്ത ഓഫീസര്‍മാരെ ഫ്രഞ്ചു സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തുന്നതില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോട് നിര്‍ദേശിക്കണമെന്നും മന്ത്രാലയ കുറിപ്പില്‍ പറയുന്നു.

തീര്‍ത്തും പ്രതിരോധത്തിലായ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ഇപ്പോള്‍ പരീക്കറുടെ കത്ത് പുറത്തു വിട്ടിരിക്കുകയാണ്. സമാന്തര ഇടപെടലിനെ എതിര്‍്ത്തു കൊണ്ടുള്ള പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിനു പരീക്കര്‍ നല്‍കിയ മറുപടിയാണ് സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതില്‍ തെറ്റില്ലെന്നും പ്രശ്‌നം പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നുമാണ് പരീക്കറുടെ മറുപടിയില്‍ പറയുന്നത്.

വിഷയം പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളത്തിനിടയാക്കി. രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി ലഭിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു. മോഡി റഫാല്‍ കരാറില്‍ ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. പാര്‍ലമെന്റ്ിന്റെ സംയുക്ത സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗങ്ങള്‍ ആവര്‍ത്തിച്ചു. ഇനി സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാനില്ലെന്നും മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണ് സമാന്തര ഇടപെടല്‍ നടത്തിയതെന്ന് ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മോദി സര്‍ക്കാര്‍ രാജ്യദ്രോഹികളാണെന്നും തൃണമൂല്‍ എംപി സൗഗത റോയ് പറഞ്ഞു. തൃണമൂല്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. 

കുറിപ്പ് പുറത്തു വന്നതോടെ മോഡിയുടേയും സര്‍ക്കാരിന്റേയും വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച സംശയം ശരിയാണെന്ന് തെളിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് റഫാല്‍ കരാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് വ്യോമ സേനാ ഉപമേധാവിയുടെ നേതൃത്വത്തിലുള്ള ഏഴംഗ ചര്‍ച്ചാ സംഘമാണെന്നായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ കുറിച്ച് സര്‍ക്കാര്‍ കോടതിയില്‍ പരാമര്‍ശിച്ചിരുന്നില്ല.

പ്രതിരോധ മന്ത്രാലയം സ്വീകരിച്ച നിലപാടിനു വിരുദ്ധമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫാലില്‍ നിലപാടെടുത്തതെന്നു ചൂണ്ടിക്കാട്ടി മന്ത്രാലയം നേരത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകള്‍ അട്ടിമറിക്കുമെന്നും അത് ചര്‍ച്ചയിലെ നിലപാടുകളെ ഗുരുതരമായി ബാധിക്കുമെന്നും മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ എഴുതിയ കുറിപ്പില്‍ പറയുന്നുണ്ട്.

നേരത്തെ ചര്‍ച്ച ചെയ്തു തീരുമാനിച്ച കരാറില്‍ നിന്നും വിഭിന്നമായി തീര്‍ത്തും പുതിയ കരാര്‍ ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2015 ഏപ്രിലില്‍ പ്രധാനമന്ത്രി മോഡി തന്നെയാണ് പ്രഖ്യാപിച്ചതും. തുടര്‍ന്ന് 2016-ല്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഹൊളാന്ദിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ധാരണാ പത്രം ഒപ്പുവയ്ക്കുകയും ചെയ്തു. 

പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജവാദ് അഷ്‌റഫ് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം ഡിപ്ലൊമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി ഫോണില്‍ സംഭാഷണം നടത്തിയതായി വാസി എയര്‍ മാര്‍ഷല്‍ എസ്.ബി.പി സിന്‍ഹയോട് സ്ഥീരീകരിക്കുകയും ചെയ്തിട്ടുണ്ട്.
 

Latest News