Sorry, you need to enable JavaScript to visit this website.

മലയാളി മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം,  പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചു

ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതകവുമായ് ബന്ധപ്പെട്ട കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് വാദത്തിനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചത്. കൊലക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ വാദം കേള്‍ക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. ഇതില്‍ കെജ്രിവാള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
പത്തു വര്‍ഷം മുന്‍പാണ് സൗമ്യ വിശ്വനാഥന്‍ എന്ന മലയാളി മാധ്യമ പ്രവര്‍ത്തക ഡല്‍ഹിയില്‍ വെടിയേറ്റ് മരിക്കുന്നത്. 2008 സെപ്റ്റംബര്‍ 30 പുലര്‍ച്ചെ 3.30 ന് ജോലി കഴിഞ്ഞു മടങ്ങുംവഴിയായിരുന്നു സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ വച്ച് സൗമ്യ കൊല്ലപ്പെട്ടത്. കാറില്‍ വെടിയേറ്റു മരിച്ച നിലയില്‍ സൗമ്യയെ കണ്ടെത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചുപേര്‍ ഇപ്പോഴും ജയിലിലാണ്. സൗമ്യ മരിച്ച് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ 2009ല്‍ ആയിരുന്നു ഇവരുടെ അറസ്റ്റ്. ഡല്‍ഹിയിലെ സകേത് ജില്ലാ കോടതിയില്‍ പത്തുവര്‍ഷമായി കേസുമായി ബന്ധപ്പെട്ട വിചാരണ നടന്നുവരികയാണ്. വിചാരണ വേഗത്തിലാക്കി സൗമ്യയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു.
അധികൃതരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം തങ്ങളുടെ ആത്മവീര്യം കളയുന്നതായും മുഖ്യമന്ത്രിയില്‍ നിന്ന് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗമ്യയുടെ പിതാവ് എം.കെ വിശ്വനാഥന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

Latest News