ദമാം - സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിച്ച കിംഗ് ഫഹദ് കോസ്‌വേക്ക് സമാന്തരമായി പുതിയ കടൽ പാലം നിർമിക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നതിന് 250 പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ മുന്നോട്ടു വന്നതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ ഇമാദ് അൽമുഹൈസിൻ വെളിപ്പെടുത്തി. കോൺട്രാക്ടിംഗ് കമ്പനികൾ, ബാങ്കുകൾ, ഫിനാൻസ് കമ്പനികൾ, ലോജിസ്റ്റിക് സപ്പോർട്ട് കമ്പനികൾ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളാണ് പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. പുതിയ പാലം സാമ്പത്തികമായി വിജയകരമായിരിക്കുമെന്ന് സാധ്യതാ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നതിന് പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾക്കിടയിൽ വലിയ ആവേശമുണ്ട്. പദ്ധതിയിപ്പോൾ കൺസൾട്ടിംഗ് പഠന ഘട്ടത്തിലാണ്. പാലം നിർമാണ പദ്ധതിയിൽ നിക്ഷേപം നടത്തുന്നതിന് ആഗോള കോൺട്രാക്ടിംഗ് കമ്പനികളെയും ഫിനാൻസ് കമ്പനികളെയും ആഴ്ചകൾക്കു മുമ്പ് ക്ഷണിച്ചിട്ടുണ്ട്.
പാസഞ്ചർ ട്രെയിനുകൾക്കും ഗുഡ്‌സ് ട്രെയിനുകൾക്കും പ്രത്യേകം പ്രത്യേകം റെയിൽപാതകൾ പുതിയ പാലത്തിലുണ്ടാകും. ഈ റെയിൽപാതകളെ ദമാം റെയിൽവേ സ്റ്റേഷൻ വഴി സൗദിയിലെ റെയിൽവേ ശൃംഖലയുമായി ബന്ധപ്പിക്കും. ഒമ്പതു വർഷത്തിനുള്ളിൽ പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ എണ്ണം, ഭാരം എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ സാങ്കേതിക കാര്യങ്ങളും കണക്കിലെടുത്താണ് പുതിയ പാലം നിർമിക്കുന്നത്.
കിംഗ് ഫഹദ് കോസ്‌വേയിൽ ബഹ്‌റൈൻ ഭാഗത്ത് യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന കാബിനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഏക പ്രതിബന്ധം ഗൾഫ് പവർ ഗ്രിഡ് വൈദ്യുതി കേബിളുകളുടെ സാന്നിധ്യമാണ്. വാഹനങ്ങളുടെയും ലോറികളുടെയും യാത്രക്കാരുടെയും എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ പ്രതിബന്ധം ഏതു വിധേന മറികടക്കുമെന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്. യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന കാബിനുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് സൗദി ഭാഗത്ത് ഒരുവിധ പ്രതിബന്ധങ്ങളുമില്ല.
കാബിനുകളുടെ എണ്ണം വർധിപ്പിക്കുകയും നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്നതിലൂടെ സാധാരണ സമയങ്ങളിൽ കോസ്‌വേയിൽ കാത്തുനിൽക്കേണ്ടിവരുന്ന സമയം പരമാവധി 20 മിനിറ്റായും തിരക്കുള്ള സമയങ്ങളിൽ കാത്തുനിൽക്കേണ്ടിവരുന്ന സമയം പരമാധി 45 മിനിറ്റായും കുറക്കുന്നതിനാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ശ്രമിക്കുന്നത്. യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന പ്രദേശത്തിന്റെ വിസ്തീർണക്കുറവ് സൃഷ്ടിക്കുന്ന വെല്ലുവിളിക്ക് നവീന മാർഗങ്ങളിലൂടെ ട്രാക്കുകളുടെ എണ്ണം ഉയർത്തിയും സാങ്കേതിക പരിഹാരങ്ങൾ ഉപയോഗപ്പെടുത്തിയും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ചില പോയന്റുകൾ ഇല്ലാതാക്കിയും പരസ്പരം ലയിപ്പിച്ചും പരിഹാരം കാണുന്നതിനാണ് പങ്കാളികളുമായി ചേർന്ന് കോസ്‌വേ അതോറിറ്റി ശ്രമിക്കുന്നത്. വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുന്ന സംവിധാനം കോസ്‌വേയിൽ സ്ഥാപിക്കുന്നതിനും പൊതുജനങ്ങളുമായി ആശയ വിനിയമം നടത്തുന്നതിന് സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്നതിനും അതോറിറ്റി ശ്രമിക്കുന്നുണ്ടെന്നും എൻജിനീയർ ഇമാദ് അൽമുഹൈസിൻ പറഞ്ഞു.
കഴിഞ്ഞ വർഷാവസാനം വരെയുള്ള കാലത്ത് കിംഗ് ഫഹദ് കോസ്‌വേയിലൂടെ 38.2 കോടി പേർ യാത്ര ചെയ്തതായാണ് കണക്ക്. കഴിഞ്ഞ പതിനേഴു കൊല്ലത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ പ്രതിവർഷം പത്തു ശതമാനം വർധനവുണ്ട്. കിംഗ് ഫഹദ് കോസ്‌വേയിലെ കടുത്ത തിരക്ക് കണക്കിലെടുത്താണ് കോസ്‌വേക്ക് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത്.