കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ് ബി.ജെ.പി കർണാടകയിൽ നിന്ന് സ്വന്തമാക്കിയത്. കോൺഗ്രസ്-ജനതാദൾ സെക്യുലർ ധാരണ യാഥാർഥ്യമായാൽ ബി.ജെ.പിക്ക് അത് വലിയ തിരിച്ചടിയാവും. എന്നാൽ മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യെന്ന നിലയിലാണ് കോൺഗ്രസ് - ജെ.ഡി.എസ് സഖ്യം. പല മണ്ഡലങ്ങളിലും ഈ പാർട്ടികൾ തമ്മിൽ സൗഹൃദപ്പോരാട്ടമുണ്ടായാൽ അദ്ഭുതപ്പെടേണ്ടതില്ല.
ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം രൂപം കൊണ്ട കോൺഗ്രസ് - ജനതാദൾ സെക്യുലർ സഖ്യം ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളും മറികടന്ന് അധികാരത്തിലെത്തിയെങ്കിലും അതിനു ശേഷം മതേതര സഖ്യത്തിന് കാര്യങ്ങൾ സുഗമമല്ല. ഒരു വശത്ത് എം.എൽ.എമാരെ റാഞ്ചാൻ പരസ്യമായി പണച്ചാക്കുമായി ബി.ജെ.പി നടക്കുന്നു. അതിനേക്കാൾ വലിയ ആഭ്യന്തര സംഘർഷമാണ് കോൺഗ്രസും ജനതാദളും തമ്മിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി പദം ജനതാദളിന് വിട്ടുകൊടുത്തതിൽ മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ രോഷമടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായുള്ള ജനതാദളിന്റെ സമ്മർദത്തിന് വഴങ്ങരുതെന്ന നിലപാടിലാണ് സിദ്ധാരാമയ്യയും അദ്ദേഹത്തെ പിന്തുണക്കുന്ന കോൺഗ്രസ് എം.എൽ.എമാരും. പൂർണമായ കോൺഗ്രസ്-ജനതാദൾ സെക്യുലർ സീറ്റ് ധാരണയുണ്ടായാൽ അത് മഹാദ്ഭുതമായി കാണണം. ഇരു പാർട്ടികൾക്കും നോട്ടമുള്ള പല സീറ്റിലും സൗഹൃദ പോരാട്ടത്തിന് സാധ്യതയുണ്ട്.
സഖ്യത്തിലെ വിള്ളലുകളും പരസ്യമായ വിഴുപ്പലക്കലുകളും ശക്തനായ പ്രധാനമന്ത്രിയെന്ന തങ്ങളുടെ മുദ്രാവാക്യത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പ്രതിപക്ഷ സഖ്യം രാജ്യത്തിന് വികസനം കൊണ്ടുവരില്ലെന്ന സന്ദേശമാണ് അവർ കൈമാറാൻ ശ്രമിക്കുക.
2014 ൽ വൻ വിജയമാണ് ബി.ജെ.പി സംസ്ഥാനത്ത് നേടിയത്. 28 സീറ്റുകളിൽ പതിനേഴും അവർ സ്വന്തമാക്കി. കോൺഗ്രസ് ഒമ്പത് സീറ്റിലൊതുങ്ങി. ജനതാദൾ സെക്യുലറിന് കിട്ടിയത് വെറും രണ്ട് സീറ്റും. പിന്നീട് നടന്ന ബെല്ലാരി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത കോൺഗ്രസ് സീറ്റുകളുടെ എണ്ണം പത്താക്കി ഉയർത്തി.
ഒറ്റക്ക് മത്സരിക്കാൻ മടിക്കില്ലെന്ന വാശിയിലാണ് ജനതാദൾ സെക്യുലർ. പ്രത്യേകിച്ചും ശക്തികേന്ദ്രമായ മാണ്ഡ്യ, ഹാസൻ, രാമനഗരം എന്നീ മണ്ഡലങ്ങൾ വിട്ടുതരില്ലെന്ന് സഖ്യ ചർച്ച തുടങ്ങും മുമ്പേ ജനതാദൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാര സ്വാമിയുടെ മക്കൾക്കും കുമാര സ്വാമിയുടെ ജ്യേഷ്ഠൻ എച്ച്.ഡി. രേവണ്ണക്കും മത്സരിക്കാൻ സീറ്റുകൾ വേണമെന്നതാണ് ജനതാദൾ സെക്യുലർ നേരിടുന്ന പ്രധാന പ്രതിസന്ധി. കുമാര സ്വാമിയുടെ സിനിമാ നടനായ മകൻ നിഖിലും രേവണ്ണയുടെ കമൻ പ്രജ്വലും സ്ഥാനാർഥി പട്ടികയിലുണ്ട്. ഹാസനും മാണ്ഡ്യയുമാണ് ഇവർക്കായി നോക്കിവെച്ചിരിക്കുന്നത്.
എന്നാൽ ഹാസനും മാണ്ഡ്യയും കോൺഗ്രസിന് വലിയ താൽപര്യമുള്ള മണ്ഡലങ്ങളാണ്. കുമാര സ്വാമിയോട് വികാരം നിയന്ത്രിക്കാനും കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും നിർദേശിച്ച മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ പോലും ലോക്‌സഭാ സീറ്റ് ചർച്ചയിൽ കോൺഗ്രസിനോട് കർക്കശ നിലപാട് പുലർത്തുകയാണ്. പാർട്ടി അണികളുടെ വികാരത്തിന് എതിര് നിൽക്കാനാവില്ലെന്ന നിലപാടിലാണ് ദേവഗൗഡ. അണികളുടെ വിയർപ്പ് കൊണ്ട് കെട്ടിപ്പടുത്ത പാർട്ടിയാണിത്. പാർട്ടി കൂടുതൽ സീറ്റ് നേടേണ്ട ഈ നിർണായക ഘട്ടത്തിൽ അണികളെ നിരാശരാക്കാനാവില്ല -അദ്ദേഹം പറഞ്ഞു.
12 സീറ്റുകളെങ്കിലും തങ്ങൾക്ക് കിട്ടണമെന്ന നിലപാടിലായിരുന്നു ദേവഗൗഡ. എന്നാൽ പിന്നീട് പത്തായി അദ്ദേഹം കുറച്ചു. എന്നാൽ 2014 ൽ രണ്ട് സീറ്റ് മാത്രം നേടിയ ജനതാദളിന് പത്ത് സീറ്റ് വിട്ടുനൽകാൻ കോൺഗ്രസ് ഒരു കാരണവശാലും തയാറാവില്ല.
സീറ്റ് ധാരണയിലെത്തുകയെന്നത് പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാണെന്ന് കൊൽക്കത്തയിലെ പ്രതിപക്ഷ റാലിയിൽ ദേവഗൗഡ പറഞ്ഞിരുന്നു. ഹാസനിൽ ജനതാദൾ ഒറ്റക്കു മത്സരിക്കുമെന്ന് കുമാര സ്വാമിയുടെ ജ്യേഷ്ഠൻ എച്ച്.ഡി. രേവണ്ണയും പ്രഖ്യാപിച്ചു.
കോൺഗ്രസ് പതിവില്ലാത്ത വിധം രമ്യതയുടെ ഭാഷയിലാണ് മറുപടി നൽകിയത്. സഖ്യകക്ഷികളാണെന്നതുകൊണ്ട് ജനതാദൾ പറയുന്നതിനെല്ലാം വഴങ്ങേണ്ട കാര്യമില്ലെന്നും എന്നാൽ ചർച്ചകൾക്കും സീറ്റ് ധാരണയിലെത്തുന്നതിനും തുറന്ന മനസ്സാണുള്ളതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. കോൺഗ്രസ് ആദ്യമായല്ല ഒരു സഖ്യത്തിന്റെ ഭാഗമാവുന്നത്. യു.പി.എയിൽ ഞങ്ങൾ ജനതാദളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്തിയിരുന്നു. കേരളത്തിലും യു.ഡി.എഫിൽ ജനതാദളുണ്ടായിരുന്നു. പരസ്പര ധാരണയുടെ മികച്ച ഉദാഹരണങ്ങളാണ് ഇവയൊക്കെ. ഇതാണ് കർണാടകയിലും പ്രതീക്ഷിക്കുന്നത് -അദ്ദേഹം പറഞ്ഞു.
സൗഹൃദാന്തരീക്ഷത്തിൽ നേതാക്കൾ സീറ്റ് ചർച്ച പൂർത്തിയാക്കുമെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ജനതാദൾ വക്താവ് രാഘവേന്ദ്ര റാവു വിശ്വാസം പ്രകടിപ്പിച്ചു. രേവണ്ണയുടെ വാക്കുകൾ കാര്യമാക്കേണ്ടതില്ലെന്നും ഹാസനിൽ വിജയമുറപ്പാക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും രാഘവേന്ദ്ര പറഞ്ഞു. ഹാസന്റെ ചുമതലയുള്ള മന്ത്രിയാണ് രേവണ്ണ. മാത്രമല്ല, വർഷങ്ങളായി ജനതാദൾ ജയിക്കുന്ന മണ്ഡലവുമാണത്. ആ പരമ്പര്യം നിലനിർത്തണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. സീറ്റ് ചർച്ച ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്നാൽ ബി.ജെ.പിയെ തോൽപിക്കുകയെന്നത് ഇരു പാർട്ടികളുടെയും ലക്ഷ്യമാണ്. അതിനാൽ ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കും -അദ്ദേഹം പറഞ്ഞു.
സഖ്യത്തെ ഉലക്കുന്ന രീതിയിലുള്ള ഒരു പൊതുപ്രസ്താവനയും പാടില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് നിർദേശമുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യെയെയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിനെയും രാഹുൽ വിളിപ്പിച്ചിരുന്നു.
എന്നാൽ ഔദ്യോഗികമായി ഇതുവരെ സീറ്റ് ചർച്ച തുടങ്ങിയിട്ടില്ല. ബി.ജെ.പിയാവട്ടെ നേരത്തെ തയാറെടുപ്പ് ആരംഭിച്ചു. 22 സീറ്റ് സംസ്ഥാനത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനമായി നൽകുമെന്നാണ് പാർട്ടി പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പയുടെ അവകാശവാദം. ഫെബ്രുവരി 10 നും 19 നും മോഡി സംസ്ഥാനത്ത് പ്രചാരണത്തിനെത്തുകയാണ്. പാർട്ടി പ്രസിഡന്റ് അമിത് ഷാ 14 നും 21 നുമെത്തും.
കോൺഗ്രസും ജനതാദളും കൈകോർക്കുന്നത് ബി.ജെ.പിയുടെ സാധ്യതകളെ തുരങ്കം വെക്കും. അതിനെ മറികടക്കാൻ വർഗീയ പ്രചാരണത്തിലൂടെ കർണാടക തീരപ്രദേശങ്ങളിൽ വേരോട്ടമുണ്ടാക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോസ്റ്റൽ കർണാടകയിലെയും മലനാടിലെയും 33 സീറ്റിൽ ഇരുപത്തെട്ടും ബി.ജെ.പി പിടിച്ചെടുത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹിന്ദുത്വ അജണ്ട തങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. രവി പറഞ്ഞു.
ആർ.എസ്.എസിനെതിരായ ആക്രമണമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധം. എന്നാൽ ആർ.എസ്.എസ് നേതാക്കളെ കൊല്ലാൻ ശ്രമിച്ചതിന് ആർ.എസ്.എസ് പ്രവർത്തകൻ ഈയിടെ പിടിയിലായത് പാർട്ടിക്ക് തിരിച്ചടിയാണ്. രാമക്ഷേത്ര നിർമാണം പ്രധാന പ്രചാരണായുധമായിരിക്കുമെന്ന് ആർ.എസ്.എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ട് പറഞ്ഞു.