മരത്തില്‍ കെട്ടിയിട്ട അച്ഛന്റെ മുന്നിലിട്ട് മകളെ കൂട്ടബലാല്‍സംഗം ചെയ്തു

കിശന്‍ഗഞ്ച്- ബിഹാറിലെ കിശന്‍ഗഞ്ചില്‍ വീട്ടില്‍ നിന്ന് ബലമായി പിടിച്ചു വലിച്ചു കൊണ്ടു പോയി പെണ്‍കുട്ടിയെ സ്വന്തം പിതാവിന്റെ മുന്നിലിട്ട് ക്രൂര ബലാല്‍സംഗത്തിനിരയാക്കി. അക്രമികളായ ആറു പേര്‍ ചേര്‍ന്ന് അച്ഛനെ മരത്തില്‍ ബന്ധസ്ഥനാക്കിയാണ് പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയത്. ഫെബ്രുവരി നാലിനു നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വൈദ്യ പരിശോധനാ റിപോര്‍ട്ട് ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറയുന്നു. പുതുതായി താമസമാക്കിയ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് അക്രമികളായ ആറു പേര്‍ കുടിവെള്ളം ചോദിച്ചെത്തിയത്. വാതില്‍ തുറന്നപ്പോള്‍ അകത്തേക്കു അതിക്രമിച്ചു കയറി പെണ്‍കുട്ടിയേയും പിതാവിനേയും ബലം പ്രയോഗിച്ച് വലിച്ചിഴ്ച്ച് വിജനപ്രദേശത്തേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് ഓഫിസര്‍ ആശിഷ് കുമാര്‍ പറഞ്ഞു.

അച്ഛനെ മര്‍ദ്ദിച്ച് അവശനാക്കി തൊട്ടടുത്ത മരത്തില്‍ കെട്ടിയിട്ട ശേഷം മുന്നിലിട്ട് ഓരോരുത്തരായി പെണ്‍കുട്ടിയെ ക്രൂര പീഡനത്തിരയാക്കുകയായിരുന്നു. പ്രതികളായ ആറു പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരുകള്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നാട്ടു കോടതി ചേര്‍ന്ന് പെണ്‍കുട്ടിയേയും അച്ഛനേയും സ്വാധീനിച്ച് കേസ് ഒത്തു തീര്‍ക്കാന്‍ ശ്രമം ഉണ്ടായതായും പൊലീസ് പറയുന്നു. പിടികിട്ടാനുള്ള അഞ്ചു പ്രതികള്‍ക്കായുള്ള തിരിച്ചലില്‍ പൊലീസ് ഉര്‍ജിതമാക്കിയിരിക്കുകയാണ്.

Latest News