ന്യൂദല്‍ഹി- പശ്ചിമ ബംഗാളില്‍ സി.ബി.ഐയും പൊലീസും കൊമ്പുകോര്‍ത്തതിനു പിന്നാലെ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത അഞ്ച് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിക്കൊരുങ്ങുന്നു. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതോടൊപ്പം ഇരുടെ സര്‍വീസ് മെഡലുകള്‍ കൂടി പിന്‍വലിക്കാന്‍ നീക്കമുള്ളതായി റിപോര്‍ട്ടുണ്ട്. അഖിലേന്ത്യാ സര്‍വീസ് ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്ര സര്‍വീസില്‍ ഇവര്‍ക്ക് നിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും റിപോര്‍ട്ടുണ്ട്.
പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്ര, എ.ഡി.ജി.പി വിനീത് കുമാര്‍ ഗോയല്‍, അഡീഷനല്‍ ജനറല്‍ ഓഫ് പോലീസ് അനുജ് ശര്‍മ, കമ്മീഷണര്‍ ഗ്യാന്‍വന്ത് സിങ്, അഡീഷണല്‍ കമ്മീഷണര്‍ സുപ്രിതം ദര്‍കാര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നിഷ്പക്ഷത പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നിലപാടെടുത്തുവെന്നാണ് കേന്ദ്രം കണ്ടെത്തിയ കുറ്റം. അതേസമയം ഇങ്ങനെ ഒരു ഉത്തരവ് ഉണ്ടായാല്‍ അതു പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്നിരിക്കെ ഇതു പോര് വീണ്ടും രൂക്ഷമാക്കിയേക്കും.
ശാരദ, റോസ് വാലി ചിട്ടിഫണ്ട് കുംഭകോണ കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ സംഘം എത്തിയതിനെതിരെയാണ് മുഖ്യമന്ത്രി മമത ഫെബ്രുവരി നാലിനു കുത്തിയിരിപ്പു ധര്‍ണ നടത്തിയത്. കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി ഉത്തരവിട്ടതോടെ മമത ധര്‍ണ അവസാനിപ്പിക്കുകയായിരുന്നു.
സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയിലേക്കു നയിച്ചത്. സിബിഐ അധികാര പരിധി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി മമത കേന്ദ്രത്തിനെതിരെ സമരവുമായി രംഗത്തെത്തുകയായിരുന്നു.