ന്യൂദല്‍ഹി- ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ കോടതിക്ക് പൂര്‍ണബോധ്യം ഉണ്ടെങ്കില്‍ അതും ഡോക്ടര്‍ നല്‍കുന്ന തെളിവും മാത്രം വിലയിരുത്തി പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി. ഇത്തരമൊരു സാഹചര്യത്തില്‍ പെണ്‍കുട്ടി നല്‍കുന്ന തെളിവുകള്‍ ന്യായീകരിക്കാന്‍ മറ്റ് സാക്ഷികളുടെ മൊഴികള്‍ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
സാധാരണഗതിയില്‍ ബലാംത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ച് കോടതിയില്‍ മൊഴി നല്‍കണം എന്നതാണ് വ്യവസ്ഥ. ഡോക്ടറുടെ തെളിവ് ലഭ്യമാകാത്ത സാഹചര്യമാണെങ്കില്‍ പെണ്‍കുട്ടിയുടെ മൊഴിയെ മാത്രം ആധാരമാക്കി കോടതിക്ക് ശിക്ഷ വിധിക്കാം. ഇതിനായി പെണ്‍കുട്ടിയുടെ മൊഴിയില്‍ കോടതിക്ക് വിശ്വാസം ഉണ്ടായാല്‍ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹിമാചല്‍പ്രദേശില്‍നിന്നുള്ള ഒരു ബലാത്സംഗക്കേസിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. പ്രതിയായ മംഗസിങ് ബന്ധുവായ ഒന്‍പതു വയസ്സുകാരിയെ ബലാംത്സംഗം ചെയ്തു എന്നാണ് കേസ്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പ്രതി രാത്രി ബലാത്സംഗത്തിന് ഇരയാക്കി. പ്രതിക്ക് കീഴ്‌ക്കോടതി 10 വര്‍ഷം ശിക്ഷ നല്‍കി. എന്നാല്‍, ഹിമാചല്‍ ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടു. ഡോക്ടറുടെ മൊഴി ഹൈക്കോടതി വിശ്വസിച്ചില്ല. മാത്രമല്ല, പെണ്‍കുട്ടി വിചാരണകോടതിയില്‍ നല്‍കിയ മൊഴിയും ഹൈക്കോടതി നിരസിച്ചു. എന്നാല്‍ കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.