തിരുവനന്തപുരം- യുവതിപ്രവേശ വിധിയില്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശം ശക്തമായതോടെ എ. പത്മകുമാറിനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാന്‍ സി.പി.എം ആലോചിക്കുന്നു. എന്നാല്‍ നിലപാട് മാറ്റം താന്‍ അറിയാതെയാണെന്നും ദേവസ്വം കമീഷണറാണ് ഉത്തരവാദിയെന്നുമാണ് പത്മകുമാറിന്റെ നിലപാട്. കമീഷണറോട് വിശദീകരണം ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍ ബോര്‍ഡ് നിലപാടു മാറ്റിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ അറിയിക്കാതെയാണെന്നുമാണ് അറിയുന്നത്. ദേവസ്വം കമ്മിഷണര്‍ എന്‍. വാസു മുഖേന മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയാണു വിഷയത്തില്‍ ഇടപെട്ടതത്രെ.
സുപ്രീംകോടതിയിലെ നിലപാടു മാറ്റത്തില്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എം. രാജഗോപാലന്‍ നായര്‍ക്കും പങ്കുണ്ട്. രാജഗോപാലന്‍ നായരെ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി തിരിച്ചെത്തിക്കാനാണു നീക്കം. യുവതീപ്രവേശത്തില്‍ സാവകാശ ഹരജി സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാമെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ നേരത്തേ തീരുമാനിച്ചിരുന്നു.
ഇതില്‍നിന്നു വ്യത്യസ്തമായ നിലപാടാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. സ്ത്രീപുരുഷ, പ്രായഭേദമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാന്‍ അവകാശം നല്‍കുന്നതാണു ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്നും ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാന്‍ പാടില്ലെന്നും കോടതിയില്‍ അവര്‍ പറഞ്ഞു.
തന്നെ അറിയിക്കാതെയുള്ള നീക്കത്തില്‍ പത്മകുമാറിന് അതൃപ്തിയുണ്ട്. ദേവസ്വം ബോര്‍ഡ് സാവകാശ ഹരജിയാണ് നല്‍കിയതെന്നും അതുമായി ബന്ധപ്പെട്ട വാദമാണ് നടത്തേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.