Sorry, you need to enable JavaScript to visit this website.

'വന്ദേ മാതരം' ചൊല്ലാന്‍ വിസമ്മതിച്ച മുസ്ലിം അധ്യാപകന് ബിഹാറില്‍ നാട്ടുകാരുടെ കൂട്ടമര്‍ദനം

പട്‌ന- ബിഹാറിലെ കത്തിഹാര്‍ ജില്ലയിലെ ഒരു പ്രാഥമിക വിദ്യാലയത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ വന്ദേ മാതരം വിളിക്കാന്‍ വിസമ്മിതിച്ച അധ്യാപകനെ നാട്ടുകാര്‍ ചേര്‍ന്ന്് മര്‍ദിച്ചു. ജനുവരി 26-നു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. അഫസല്‍ ഹുസൈന്‍ എന്ന അധ്യാപകനാണ് നാട്ടുകാരുടെ മര്‍ദനമേറ്റത്. തന്റെ മതവിശ്വാസത്തിന് എതിരായതിനാലാണ് വന്ദേ മാതരം വിളിക്കാന്‍ വിസമ്മതിച്ചതെന്ന് അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. 'ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണ്. ഭാരത മാതാവിനെ വന്ദിക്കുന്ന ഈ ഗാനം ഞങ്ങളുടെ വിശ്വാസത്തിന് എതിരാണ്. വന്ദേ മാതരം വിളി നിര്‍ബന്ധമാണെന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. ഇതിന്റെ പേരില്‍ ഞാന്‍ കൊല്ലപ്പെടേണ്ടതായിരുന്നു. മര്‍ദനത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്- അദ്ദേഹം പറയുന്നു.

ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേശ് ചന്ദ്ര ദേവ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിച്ചിരുന്നെങ്കില്‍ അന്വേഷണം നടത്തുമായിരുന്നു. എന്നാല്‍ ഇതു വരെ ഒരു പരാതിയും ലഭിച്ചിട്ടില്ല- ദിനേശ് പറഞ്ഞു.

ഹൈന്ദവ ദേവതയായ ദുര്‍ഗാ ദേവിയെ ഭാരത മാതാവാക്കി വന്ദിച്ചു കൊണ്ടുള്ള സംസ്‌കൃത കീര്‍ത്തനമാണ് വന്ദേ മാതരമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഹൈന്ദവ ദേവതയെ ആരാധിക്കുന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ് എന്ന് ഇതിനെ എതിര്‍ക്കുന്ന മുസ്ലിംകളും ചൂണ്ടിക്കാട്ടുന്നു. 

Latest News