ന്യൂദല്‍ഹി-ശബരിമല യുവതീപ്രവേശവിധി പുനഃപരിശോധിക്കണമെന്ന ഹരജികള്‍ വിധിപറയാന്‍ മാറ്റിയിരിക്കെ ഇനി എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്. മൂന്നരമണിക്കൂര്‍നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹരജികള്‍ വിധി പറയാന്‍ മാറ്റിയത്. വാദങ്ങള്‍ എഴുതിനല്‍കാന്‍ കക്ഷികള്‍ക്ക് ഏഴുദിവസം സമയം നല്‍കിയിട്ടുണ്ട്. വാദംപൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിയതോടെ രണ്ടുസാധ്യതകളാണ് ഇനി സുപ്രീം കോടതിയുടെ മുന്നിലുള്ളത്. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഹരജികള്‍ തള്ളുകയാണ് ഒന്ന്. പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയച്ച് ആദ്യംമുതല്‍ വാദം നടത്തേണ്ടിവരും.
എന്‍.എസ്.എസ്., തന്ത്രി, പന്തളം രാജകുടുംബം, ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബ്രാഹ്മണസഭ, ശബരിമല പ്രൊട്ടക്ഷന്‍ ഫോറം തുടങ്ങിയവര്‍ വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. മുന്‍നിലപാടില്‍നിന്നുമാറി ദേവസ്വംബോര്‍ഡും ഈ നിലപാടിനെ അനുകൂലിച്ചു. നിലപാടുമാറ്റം കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍, യുവതീപ്രവേശവിധി ബഹുമാനിക്കുന്നുവെന്നും പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിലപാടെന്നും ബോര്‍ഡിനു വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വ്യക്തമാക്കി. ബോര്‍ഡിനുവേണ്ടി നേരത്തേ വാദിച്ച മനു അഭിഷേക് സിങ്വിയാണ് ഇക്കുറി പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി ഹാജരായത്.