ന്യൂദല്‍ഹി- പൊതു തെരഞ്ഞെടുപ്പു അടുത്തിരിക്കെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപ്പ് ദുരുപയോഗം ചെയ്തു വരുന്നതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍. പാര്‍ട്ടികള്‍ ഇതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതു പാര്‍ട്ടികളാണ് ഇതു ചെയ്യുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയില്ല. പാര്‍ട്ടികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏതു തരത്തിലാണ് ദുരുപയോഗം ചെയ്യുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടി അണികള്‍ കൂട്ട മെസേജ് അയച്ചും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചും വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രചാരണം ചൂടുപിടിക്കാന്‍ തുടങ്ങിയതോടെ വാട്‌സാപ്പ് എല്ലാ പാര്‍ട്ടികള്‍ക്കും ഒരു മുഖ്യ പ്രചാരണ ഉപാധിയായി മാറിയിട്ടുണ്ട്. ശരിയായ രീതിയില്ലാതെ ചില പാര്‍ട്ടികള്‍ ഇതു ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു തുടര്‍ന്നാല്‍ സേവനം തടയുമെന്ന ഉറച്ച സന്ദേശമാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ളത്- വാട്‌സാപ്പ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ കാള്‍ വൂഗ് പറഞ്ഞു.
ഈ പ്രവണ ഇന്ത്യയില്‍ മാത്രമല്ല. ഒക്ടോബറില്‍ ബ്രസീലില്‍ നടന്ന തെരഞ്ഞെടുപ്പിലും വാട്‌സാപ്പ് ഈ വെല്ലുവിളി നേരിട്ടിരുന്നു. അവിടെയും തെരഞ്ഞെടുപ്പു കാലത്ത് വ്യാജവാര്‍ത്തകളും കെട്ടുകഥകളും കാട്ടുതീപോലെ വാട്‌സാപ്പിലൂടെ പടര്‍ന്നിരുന്നു. ഇതോടെ വാട്‌സാപ്പ് രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുവെന്ന ആശങ്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ശക്തമായിരിക്കുകയാണ്. ഇന്ത്യയില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിലും വാട്‌സാപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി റിപോര്‍ട്ടുണ്ടായിരുന്നു. ബിജെപിയുടെ സംഘപരിവാര്‍ സംഘടനകളും വാട്‌സാപ്പ് ഉപയോഗിച്ച് തെരഞ്ഞെടുപ്പു കാലത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയാണ് പലയിടത്തും ജയിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കു നയിച്ചതോടെ വാടസാപ്പിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തുനിഞ്ഞിരുന്നു.