ന്യൂദല്‍ഹി- ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച ഹരജിയില്‍ പഴയ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്. യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.
ഇക്കാര്യം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചൂണ്ടിക്കാണിച്ചപ്പോള്‍ സുപ്രീംകോടതി വിധിയെ മാനിച്ചാണ് തങ്ങള്‍ നിലപാട് മാറ്റിയതെന്ന് അഭിഭാഷകനായ രാകേഷ് ദ്വിവേദി സുപ്രീംകോടതിയെ അറിയിച്ചു.
സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ട് എന്നതാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനം. അത് അംഗീകരിക്കുന്നു. അതു തന്നെയാണ് സമൂഹത്തിന്റേയും അടിസ്ഥാനമെന്നും രാകേഷ് ദ്വിവേദി മറുപടി നല്‍കി.
ക്ഷേത്രാചാരങ്ങളുടേയും വിശ്വാസത്തിന്റേയും ലംഘനമാണ് സുപ്രീംകോടതി വിധിയെന്നാണ് നേരത്തേ ദേവസ്വം ബോര്‍ഡ് നിലപാട് എടുത്തിരുന്നത്. ശബരിമലയിലേത് സവിശേഷ സാഹചര്യമാണ്. 41 ദിവസത്തെ വ്രതശുദ്ധി പാലിക്കാന്‍ സ്ത്രീകള്‍ക്ക് ആകില്ല തുടങ്ങിയ നിലപാടായിരുന്നു നേരത്തേ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.