ന്യൂദല്‍ഹി- ശബരിമല ക്ഷേത്രത്തില്‍ യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളും മറ്റു അപേക്ഷകളും ഇന്നു സുപ്രീം കോടതി പരിഗണിക്കും. നാലു റിട്ട് ഹരജികളും ഹൈക്കോടതിയില്‍ നിന്ന് കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയുമാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എം.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്. യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജി തീര്‍പ്പാക്കിയ ശേഷമെ റിട്ട് ഹരജികള്‍ പരിഗണിക്കൂവെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നുവെങ്കിലും ഇവയും ഈ ബെഞ്ചിനു മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സെപ്തംബര്‍ 28-നാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ കേരളത്തില്‍ അരങ്ങേറിയിരുന്നു.