മലപ്പുറം- ശബരിമല ദര്‍ശനം നടത്തി മടങ്ങിയെത്തിയ കനക ദുര്‍ഗ പുലാമന്തോള്‍ ഗ്രാമന്യാലയത്തിന്റെ വിധിയെ തുടര്‍ന്ന് ചൊവ്വാഴ്ച മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തി. അതേസമയം കനക വീട്ടിലെത്തും മുമ്പ് ഭര്‍ത്താവും അമ്മയും മക്കളേയും കൂട്ടി വീട് പൂട്ടി ഇറങ്ങിപ്പോയി. നേരത്തെ വീട്ടിലെത്തിയ കനകയെ ഭര്‍തൃമാതാവ് സുമതിയമ്മ മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിനെതിരെയാണ് കനക കോടതിയെ സമീപിച്ചത്. എന്നാല്‍ ചൊവ്വാഴ്ച കോടതി വിധിയെ തുടര്‍ന്ന് കനക തിരിച്ചെത്തുമെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് കൃഷ്ണനുണ്ണി മക്കളേയും അമ്മയേയും കൂട്ടി വീടു പൂട്ടി പുറത്തു പോകുകയായിരുന്നു. പോലീസെത്തിയാണ് വാതില്‍ തുറന്നത്. കോടതി വിധിയിയില്‍ തൃപ്തയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കനക പറഞ്ഞു.
കനകയെ വീട്ടില്‍ സ്വതന്ത്രമായി താമസിക്കാന്‍ അനുവദിക്കണമെന്ന് കോടതി വിധിച്ചിരുന്നു. വീട് വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് മാര്‍ച്ച് 31-ന് കോടതി വീണ്ടും പരിഗണിക്കും. സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള പോലീസ് സുരക്ഷ വീട്ടിലും തുടരും. പെരിന്തല്‍മണ്ണയ്ക്കടുത്ത അങ്ങാടിപ്പുറത്തെ വീട് കനകയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ പേരിലുള്ളതാണ്.