ചെന്നൈ- തമിഴ്‌നാട് നിയസഭാ സെക്രട്ടറിയേറ്റില്‍ ഒഴിവുവന്ന 14 തൂപ്പുജോലിക്കാരുടെ ഒഴിവിലേക്ക് ജോലിക്കായി അപേക്ഷിച്ചവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ കണ്ട് അധികൃതരുടെ കണ്ണുതള്ളി. സ്വീപ്പര്‍ പോസ്റ്റില്‍ 10 ഒഴിവുകളിലേക്കും സാനിറ്ററി വര്‍ക്കര്‍ പോസ്റ്റിലേക്ക് നാലു ഒഴിവുകളിലേക്കുമാണ് സെക്രട്ടറിയേറ്റ് അപേക്ഷ ക്ഷണിച്ചത്. വയസ്സ് 18 തികഞ്ഞിരിക്കണം, ശാരീരിക വൈകല്യങ്ങള്‍ ഉണ്ടായിരിക്കാന്‍ പാടില്ല എന്നിവയായിരുന്നു യോഗ്യതകള്‍. ആകെ 4,607 അപേക്ഷകള്‍ ലഭിച്ചു. ഇവ സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് അപേക്ഷകരുടെ പ്രൊഫൈലുകള്‍ കണ്ട് അധികൃതര്‍ ഞെട്ടിയത്. അയോഗ്യരായത് 677 പേര്‍ മാത്രം. ബാക്കി എല്ലാവരും എന്‍ജിനീയറിങ് അടക്കമുള്ള ഉന്നത ബിരുദധാരികളും. എം.ടെക്, ബി.ടെക്, എം.ബി.എ, മറ്റു ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍, നിരവധി ഡിപ്ലോമക്കാര്‍ എന്നിവരായിരുന്നു അപേക്ഷകരില്‍ ഭൂരിഭാഗവും. ആറു മാസം മുമ്പാണ് ഈ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്.