റിയാദ് - ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് ഒമ്പതു സേവനങ്ങൾ നടപ്പാക്കുന്നു. പ്രവർത്തനം തുടരുന്നതിന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും സൗദി പൗരന്മാർക്ക് ആകർഷകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള കരാറിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സ്‌മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി (എസ്.എം.ഇ.എ) യും ഒപ്പുവെച്ചു. വാണിജ്യ, നിക്ഷേപ മന്ത്രിയും എസ്.എം.ഇ.എ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. മാജിദ് അൽഖസബിയുടെയും തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുടെയും വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖിന്റെയും സാന്നിധ്യത്തിൽ ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈനും എസ്.എം.ഇ.എ ഗവർണർ എൻജി. സ്വാലിഹ് അൽറശീദുമാണ് കരാറിൽ ഒപ്പുവെച്ചത്.
സാമൂഹിക വികസന ബാങ്കുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധിയുമായും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണയും സഹായങ്ങളും നൽകുന്നതിനും സ്വദേശി ജീവനക്കാരെ ആകർഷിക്കുന്നതിന് സാധിക്കും വിധം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഉടനടി ഒമ്പതു തൊഴിൽ വിസകൾ വരെ അനുവദിക്കൽ, സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് വ്യവസ്ഥകൾ പാലിക്കുന്നതിൽ നിന്ന് പുതുതായി ആരംഭിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്ക് ഇളവ് അനുവദിക്കൽ, ഓൺലൈൻ വഴി വിസകൾ അനുവദിക്കൽ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ പുതുതായി ജോലിക്കു വെക്കുന്ന സൗദി പൗരന്മാരെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരെന്നോണം നിതാഖാത്തിൽ ഉടനടി കണക്കാക്കൽ, ഒഴിവുള്ള തസ്തികകളെ കുറിച്ച് നാഷണൽ ലേബർ ഗേറ്റ്‌വേയിൽ (താഖാത്ത് പോർട്ടൽ) പരസ്യപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ, ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ധനസഹായം നൽകൽ, തൊഴിൽ രഹിതർക്ക് സാമ്പത്തിക സഹായം നൽകുന്ന ഹാഫിസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സ്വദേശികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ എന്നിവ അടക്കമുള്ള സേവനങ്ങളാണ് പുതിയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.
ഏതു രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെയും പ്രധാന ചാലക ശക്തി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി പറഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. ലോകത്തെ മുൻനിര രാജ്യമാക്കി സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഒമ്പതു സേവനങ്ങളാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി പറഞ്ഞു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ മാത്രമല്ല, വ്യക്തികളെയും വൻകിട സ്ഥാപനങ്ങളെയും പുതിയ പദ്ധതി ലക്ഷ്യമിടുന്നു. ഉദ്യോഗാർഥികളായ യുവാക്കളെ സംരംഭകരാക്കി മാറ്റുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സൗദിവൽക്കരണ ശ്രമങ്ങൾ ഊർജിതമാക്കുന്നതിനും സ്വദേശികൾക്ക് പരിശീലനം നൽകുന്നതിനും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും ആരോഗ്യ, ടെലികോം, പാർപ്പിട മന്ത്രാലയങ്ങളുമായി അടുത്തിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒപ്പുവെച്ച കരാറുകളുടെ തുടർച്ചയാണ് പുതിയ കരാറെന്നും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.
2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം മേഖലയുടെ പങ്ക് 20 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും സർക്കാർ വകുപ്പുകളുമായും സഹകരണം ശക്തമാക്കുന്നതിനും ചെറുകിട, ഇടത്തരം മേഖല ക്രമീകരിക്കുന്നതിനും മേഖലക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നൽകുന്നതിനും സ്‌മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി ശ്രമിക്കുന്നതായി ഗവർണർ എൻജിനീയർ സ്വാലിഹ് അൽറശീദ് പറഞ്ഞു.