ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ തുറന്ന പോരില്‍ പ്രതികരണവുമായി വിമത നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ.
മമതാ ബാനര്‍ജി ഉരുക്കു വനിതയാണെന്നും എല്ലാവരോടും കളിക്കുന്ന പോലെ മമതയോട് കളിക്കരുതെന്നുമായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ നല്‍കിയ താക്കീത്.
മമത ഉരുക്കുവനിതയാണ്. കരുത്തുള്ള സ്ത്രീയാണ് അവര്‍. അവരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം നിങ്ങള്‍ 'ഏക് ലാ ചലോരെ' എന്ന പാട്ട് പാടേണ്ടി വരും. നമ്മുടെ ജനങ്ങള്‍ക്ക് നല്ലത് മാത്രം വരാന്‍ പ്രത്യാശിക്കാം. സമയം പോയ്‌ക്കൊണ്ടേയിരിക്കും. നിങ്ങളെ കാത്തിരിക്കില്ല ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.
'അതിരിക്കട്ടെ, ഒരു വാറണ്ടോ, കോടതി ഉത്തരവോ കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ 40 സി.ബി.ഐ ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ നമ്മളെന്താ അടിയന്തരാവസ്ഥയിലേക്കാണോ പോകുന്നത്? ഇതാണ് ജനങ്ങള്‍ ചോദിക്കുന്നത്. സിന്‍ഹ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ബിഹാറില്‍ നിന്നുള്ള ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയിമായ ശത്രുഘ്‌നന്‍ സിന്‍ഹ.