Sorry, you need to enable JavaScript to visit this website.

ചിരിപ്പിച്ച് ദല്‍ തടാകത്തിലെ മോഡിയുടെ ബോട്ടു സവാരി; മഞ്ഞു മലകള്‍ക്കും 'അഭിവാദ്യങ്ങള്‍' - Video

ന്യൂദല്‍ഹി- ഞായറാഴ്ച ശ്രീനഗറിലെ പ്രശസ്തമായ ദല്‍ തടാകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ബോട്ടു സവാരി ഉണ്ടാക്കിയ ചിരിയുടെ ഓളങ്ങള്‍ അടങ്ങുന്നില്ല. വിശാലമായ തടാകത്തില്‍ മുന്നോട്ടു നീങ്ങുന്ന ബോട്ടിന്റെ മുന്‍ഭാഗത്ത് തന്നെ നിലയുറപ്പിച്ച മോഡി, തന്നെ കാണാന്‍ നില്‍ക്കുന്നവരോടെന്ന പോലെ ആവേശത്തോടെ കൈവീശിക്കാണിക്കുന്ന വിഡിയോ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഈ 64 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ മോഡിയുടെ അഭിവാദ്യം സ്വീകരിക്കുകയോ മോഡിയോട് കൈവീശിക്കാണിക്കുകയോ ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടാത്തതാണ് വിനയായത്. ആരോടാണ് മോഡി കൈവീശിക്കാണിക്കുന്നതെന്ന ചോദ്യം ട്വിറ്ററില്‍ ട്രോളായി പടര്‍ന്നു. ആദ്യം മോഡിയെ ട്രോളി രംഗത്തെത്തിയവരില്‍ ജമ്മു കശ്മീരിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുണ്ടെന്നത് ട്രോളര്‍മാര്‍ക്കും ആവേശം പകര്‍ന്നു. മോഡിയുടെ ബോട്ടിലെ ഏതാനും സുരക്ഷാ ഉദ്യോഗസ്ഥരും പിന്തടരുന്ന ഏതാനും സുരക്ഷാ ബോട്ടുകളും മാത്രമാണ് വിഡിയോയിലുള്ളത്. 

മഞ്ഞില്‍ പുതഞ്ഞ സബര്‍വന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദല്‍ തടാകത്തിലൂടെ ബോട്ട് മുന്നോട്ടു പോകുമ്പോള്‍ നാലു പാടും തിരിഞ്ഞ് മോഡി കൈവീശിക്കാണിക്കുന്നുണ്ട്. ഇതു വെറും ഫോട്ടോ പോസിങ് മാത്രമാണെന്നും മോഡിയുടെ കൈവീശിയുള്ള അഭിവാദ്യം കാണാനോ സ്വീകരിക്കാനോ പരിസരത്തെങ്ങും മലനിരകളല്ലാതെ മറ്റാരും ഇല്ലായിരുന്നുവെന്നാണ് യഥാര്‍ത്ഥ്യമെന്നും അന്നത്തെ കര്‍ക്കശ നിയന്ത്രണങ്ങളും മറ്റും ചൂണ്ടിക്കാട്ടി ട്രോളര്‍ പറയുന്നു. ആക്ഷേപ ഹാസ്യ പോസ്റ്റുമായി മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയാണ് ആദ്യം ട്വീറ്റ് ചെയ്തത്. മോഡിയുടെ ബോട്ടു സവാരിയുടെ വിഡിയോ പിടിച്ച കാമറാമാന്‍ മോഡിക്ക് തിരിച്ച് കൈവീശിക്കാണിക്കുന്ന അവേശപുളകിതരായ ആളുകളുടെ ദൃശ്യം കാണിക്കാതെ ഒരു മുട്ടന്‍ പണി തന്നെയാണ് കൊടുത്തിരിക്കുന്നതെന്നും മോഡി ഒരിക്കലും ശൂന്യമായിക്കിടക്കുന്ന തടാകത്തില്‍ കൈവീശിക്കാണിക്കാന്‍ വഴിയില്ലെന്നും ഉമര്‍ ട്വീറ്റ് ചെയ്തു. ബിജെപിയുടെ മുന്‍പങ്കാളിയും ഏറ്റവുമൊടുവിലെ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫതിയും വിട്ടുകൊടുത്തില്ല. മോഡി കൈവീശിക്കാണിക്കുന്നത് കശ്മീരിലെ തന്റെ എണ്ണമറ്റ സാങ്കല്‍പ്പിക സുഹൃത്തുക്കളോടാണെന്നായിരുന്നു മെഹബൂബയുടെ ട്രോള്‍.

മോഡി മലകളോട് കൈവീശിയതിനു പിന്നലെ സത്യം ഇതാണ്
മോഡിയുടെ ഏകദിന കശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അതി ശക്തമായ നിയന്ത്രണങ്ങളും വിലക്കുകളുമാണ് ശ്രീനഗറില്‍ രണ്ടു ദിവസം നിലവിലുണ്ടായിരുന്നത്. ഒരു സാധാരണക്കാരനു പോലും ദല്‍ തടാകത്തിന്റെ പരിസരത്തു പോലും എത്താനാകുമായിരുന്നില്ല. ദല്‍ തടാകത്തിന്റെ ഓരത്തു കൂടിയുള്ള 10 കിലോമീറ്റര്‍ റോഡില്‍ ഒരാളേയും കാലു കുത്താന്‍ അനുവദിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞായി ദി ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്യുന്നു. പരിസരത്ത് ഒരു പക്ഷിയെ പോലും പാറി നടക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ദല്‍ തടാകത്തിലെ ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പറഞ്ഞു. മോഡി സഞ്ചരിച്ച ബോട്ടും സുരക്ഷാ ബോട്ടുകളും സെഞ്ചോര്‍ ഹോട്ടലിന്റെ ഭാഗത്തേക്കായിരുന്നു. ഈ പരിസരം ആള്‍ താമസമില്ലാത്ത മേഖലയാണ്. മാത്രമല്ല മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ടര ദിവസത്തേക്ക് ടൂറിസ്റ്റുകള്‍ക്കു പോലും ദല്‍ തടാകത്തില്‍ ഷിക്കാര സവാരി അനുവദിച്ചിരുന്നില്ല. മോഡിയുടെ സന്ദര്‍ശനത്തിനെതിരെ കശ്മീരില്‍ ബന്ദും പ്രഖ്യാപിച്ചിരുന്നതിനാല്‍ ആളുകള്‍ വിരളമായെ പുറത്തിറങ്ങിയിരുന്നുള്ളൂ.

Image result for modi waves Dal lake

Latest News